പെരുമാതുറ: സ്ത്രീകളുടെ സൗന്ദര്യം കച്ചവടവൽക്കരിക്കുന്ന ദുഷ്പ്രവണത വർദ്ധിച്ചു വരുന്നത് സ്ത്രീത്വത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പെരുമാതുറ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വിസ്ഡം ഡേ സംഗമം അഭിപ്രായപ്പെട്ടു. സ്ത്രീകളുമായി യാതൊരു ബന്ധവുമില്ലാത്ത സാധനങ്ങൾ വിറ്റഴിക്കാൻ പോലും ഇന്ന് സ്ത്രീയുടെ സൗന്ദര്യം ഉപയോഗിക്കുന്നത് വിരോദാഭാസമാണ്. ആഭാസകരമായ വസ്ത്രധാരണവും, നഗ്നതാ പ്രദർശനവും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുന്ന പാശ്ചാത്യ സംസ്കാരത്തെ അനുകരിക്കുന്നത് സ്ത്രീകളെ സർവ്വ നാശത്തിലേക്ക് നയിക്കും. ഇറുകിയ വസ്ത്രം ധരിക്കുന്ന വനിതകൾക്കെതിരെ അറസ്റ്റടക്കമുള്ള നടപടികൾ വിഭാവനം ചെയ്യുന്ന ബില്ല് അമേരിക്കൻ പാർമെന്റിൽ അവതരിപ്പിക്കുവാൻ റിപ്പബ്ളിക്കൻ പാർട്ടി തന്നെ മുന്നോട്ട് വന്ന സാഹചര്യത്തിൽ ആശയതലം പഠിക്കാൻ ഇസ്ലാം വിമർശകരും മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണം കാണുമ്പോൾ അസ്വസ്തരാകുന്ന മുസ്ലിം നാമധാരികളായ സമൂഹ മാധ്യമ പേനയുന്തികളും തയ്യാറാവണം. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മറവിൽ കുടുംബ ബന്ധങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമങ്ങൾ സ്ത്രീകളെ ദുരന്ത പൂർണ്ണമായ പരിണിതിയിലേക്ക് നയിക്കുമെന്നത് സമീപകാല സംഭവ വികാസങ്ങൾ സാക്ഷിയാണന്നും സംഗമം അഭിപ്രായപ്പെട്ടു. സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം അദ്ധ്യക്ഷനായി. സാബു കമറുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ഷഹീർ സലിം, അനി നഹാസ് എന്നിവർ സംസാരിച്ചു. അഷീർ താഹിർ സ്വാഗതവും ഫസിൽ നിജാബ് നന്ദിയും പറഞ്ഞു.
സ്ത്രീ സൗന്ദര്യം കച്ചവടവത്ക്കരിക്കരുത്: വിസ്ഡം ഡേ സംഗമം





0 Comments