കഴക്കൂട്ടം: അപകടത്തെ തുടർന്ന് പരിക്കേറ്റയാളിന് സ്വകാര്യ ആശുപത്രിയിൽ ഓപ്പറേഷൻ നടത്തിയതിൽ പിഴവെന്നാരോപിച്ചു പരാതി. ഞാണ്ടൂർക്കോണം ആളി തട്ടയിൽ അവിട്ടത്തിൽ കൃഷ്ണൻകുട്ടി നായരാണ് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മാർച്ച് ഇരുപത്തൊന്നാം തീയതി കാര്യവട്ടം യൂണിവേഴ്സിറ്റി ഗ്രൗണ്ടിന് സമീപം ആട്ടോറിക്ഷയും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചു നടന്ന അപകടത്തിൽ കൃഷ്ണൻകുട്ടി നായർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പട്ടം മുറിഞ്ഞ പാലത്തു പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും ഒന്നേകാൽ ലക്ഷത്തോളം രൂപ ചിലവാക്കി ഷോൾഡറിൽ ശസ്ത്രക്രിയ ചെയ്തു പ്ലെയ്റ്റ് ഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ മാസം 10-നു വീട്ടിൽ ഇരിക്കുമ്പോൾ ഷോൾഡറിനകത്തു പൊട്ടുന്ന രീതിയിലുള്ള ശബ്ദം കേട്ടു. വേദനയെ തുടർന്ന് എക്സ്റേ എടുത്തു പരിശോധിച്ചപ്പോൾ ഷോൾഡറിൽ ഘടിപ്പിച്ചിരുന്ന പ്ലെയ്റ്റ് പൊട്ടിയതായി കണ്ടു. വേദനയെ തുടർന്ന് വിദഗ്ധ ഡോക്ടർമാരെ കാണിച്ചപ്പോൾ അനാവശ്യ ശസ്ത്രക്രിയയാണ് നടത്തിയതെന്ന് പറഞ്ഞതായി കൃഷ്ണൻ കുട്ടി നായർ പറഞ്ഞു. തുടർന്ന് ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയിലെത്തി ഡോക്ടറെയും മാനേജ്മെന്റിനെയും അറിയിച്ചെങ്കിലും ഉൽപാദകർ തരുന്ന ഗ്യാരന്റി മാത്രമാണ് പ്ലേറ്റിനുള്ളതെന്നും വീണ്ടും ഓപ്പറേഷൻ നടത്തണമെങ്കിൽ നാൽപതിനായിരം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കൃഷ്ണൻ കുട്ടി നായർ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ പിഴവെന്ന് രോഗിയുടെ പരാതി





0 Comments