കണിയാപുരം: കേരളത്തിൽ ആദ്യമായി കൈ കൊണ്ട് പേപ്പർ ബാഗുകൾ നിർമ്മിച്ച് സ്കൂൾ വിദ്യാർത്ഥികൾ. കണിയാപുരത്ത് ബ്രൈറ്റ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളുടെ കൊച്ചു കൊച്ചു ശ്രമങ്ങൾ മാതൃകയാവുകയാണ്. പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്നും മുക്തി നേടുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ മുന്നോട്ടു വെച്ച ആശയമായിരുന്നു പേപ്പർ ബാഗ് നിർമ്മാണ കാമ്പയിൻ. കാമ്പയിന്റെ ഭാഗമായി കൈ കൊണ്ട് നിർമ്മിച്ച 25,000-ത്തോളം പേപ്പർ ബാഗുകൾ പരിസര പ്രദേശത്തെ കടകളിലും അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും വിതരണം ചെയ്യാനും ബോധവത്കരണം നടത്താനും വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങുകയായിരുന്നു. പേപ്പർ ബാഗുകളുടെ ഔദ്യോഗിക വിതരണം സ്കൂൾ പ്രിൻസിപ്പൽ ഷെറിൻ സഹ്നി അണ്ടൂർകോണം പഞ്ചായത്ത് പ്രസിഡന്റ് ഉഷാ കുമാരിക്ക് നൽകി നിർവ്വഹിച്ചു. കാമ്പയിന്റെ ഭാഗമായി അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പേപ്പർ ബാഗുകൾ വിതരണം ചെയ്തു. ഈ ഉദ്യമത്തിൽ പങ്കാളികളായ വിദ്യാർത്ഥികളെയും അധ്യാപകരേയും സ്കൂൾ അധികൃതരേയും പരിപാടിയിൽ പഞ്ചായത്ത് ഭാരവാഹികൾ ഒന്നടങ്കം അഭിനന്ദിച്ചു. സ്കൂളുകൾക്കും മറ്റുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാമൂഹ്യ സാംസ്കാരിക സംഘടനകൾക്കും ഇതൊരു മഹത്തായ മാതൃകയാണെന്നും അണ്ടൂർക്കോണം വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ് അഭിപ്രായപ്പെട്ടു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്ളാസ്റ്റിക് എന്ന വില്ലനെ നാടു കടത്തൽ യജ്ഞത്തിൽ എല്ലാവരും പങ്കാളിയാകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി അശോക് സി, നിയുക്ത വാർഡ് മെമ്പർ കൃഷ്ണൻ കുട്ടി, വാർഡ് മെമ്പർ ജയചന്ദ്രൻ (വെള്ളൂർ), റസിഡന്റസ് അസ്സോസിയേഷൻ പ്രസിഡന്റ് കൈപ്പള്ളി വാഹിദ്, ബ്രൈറ്റ് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ ഡോ.ഷമീർ.എൻ.എം, വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
25,000 പേപ്പർ ബാഗുകൾ നി൪മ്മിച്ച് ബ്രൈറ്റ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി





0 Comments