/uploads/news/news_കലയുടെ_കരുത്തില്‍_പരിമിതികളെ_അതിജീവിച്ച_..._1656095073_366.jpg
Local

കലയുടെ കരുത്തില്‍ പരിമിതികളെ അതിജീവിച്ച പ്രതിഭകളുടെ സംഗമ വേദിയായി ഡിഫറന്റ് ആര്‍ട് സെന്റര്‍


തിരുവനന്തപുരം: വൈകല്യങ്ങളെ കലയുടെ കരുത്തില്‍ പരാജയപ്പെടുത്തിയ രണ്ട് പ്രതിഭകളുടെ സംഗമ വേദിയായി ഡിഫറന്റ് ആര്‍ട് സെന്റര്‍. ജന്മനാ രണ്ട് കൈകളും ഇല്ലാതെ ബി.എ സംഗീതം (വോക്കല്‍)ത്തില്‍ ഒന്നാം റാങ്ക് നേടിയ എസ്.കണ്മണിയും ഡിഫറന്റ് ആര്‍ട് സെന്ററിലെ ബുദ്ധിപരമായ വൈകല്യം ബാധിച്ച റുക്‌സാന അന്‍വറുമാണ് കലയുടെ പശ്ചാത്തലത്തില്‍ മികവ് തെളിയിച്ച് വേദിയെ ധന്യമാക്കിയത്. 


റുക്‌സാനയുടെ വയലിന്‍ പ്രകടനങ്ങള്‍ കോര്‍ത്തിണക്കിയ "ചിന്ന ചിന്ന ആസൈ" എന്ന ആല്‍ബത്തിന്റെ കവര്‍ സോംഗ് റിലീസ് ചെയ്യുവാനാണ് കണ്‍മണി ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയത്. ചടങ്ങിനോടനുബന്ധിച്ച് ഇരുവരുടെയും കലാപ്രകടനങ്ങള്‍ കാണികളെ വിസ്മയിപ്പിച്ചു. ശ്രീരാഗമോ... എന്ന ഗാനം കണ്‍മണിയും ചിന്ന ചിന്ന ആസൈ എന്ന ഗാനം വയലിനിലൂടെ റുക്‌സാനയും അവതരിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ വയലിന്‍ പരിശീലനം നടത്തുന്ന റുക്സാന നിരവധി ഗാനങ്ങള്‍ ഇതിനോടകം വയലിനിലൂടെ ആസ്വാദക മനസ്സുകളിലേയ്ക്ക് പകര്‍ന്നിട്ടുണ്ട്.


പരിമിതികളില്‍ തളരാതെ ഭിന്നശേഷിക്കുട്ടികളുടെയുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പരിപോഷിപ്പിക്കുവാനാണ് ഇത്തരം കുട്ടികളുടെ മാതാപിതാക്കള്‍ ശ്രമിക്കേണ്ടതെന്ന് എസ്.കണ്‍മണി പറഞ്ഞു. സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ ഉറച്ച മനസ്സാണ് വേണ്ടത്. ആ ഇച്ഛാശക്തിയില്‍ എല്ലാവരും കൂടെ നില്‍ക്കുമ്പോള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും. റുക്‌സാനയുടെ ജന്മദിനത്തില്‍ തന്നെ ഇത്തരമൊരു കവര്‍ സോംഗ് റിലീസ് ചെയ്യുവാന്‍ കഴിഞ്ഞതില്‍ വളരെയേറെ അഭിമാനിക്കുന്നുവെന്നും കണ്‍മണി കൂട്ടിച്ചേര്‍ത്തു.  


ചടങ്ങില്‍ സുഗതവനം ചാരിറ്റബില്‍ സൊസൈറ്റിയുടെ ആദരം മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് കണ്‍മണിക്ക് സമ്മാനിച്ചു. പിന്നണി ഗായിക രാജലക്ഷ്മിയും റുക്‌സാനയുടെ പിതാവും പിന്നണി ഗായകനുമായ അന്‍വര്‍ സാദത്തും ചേര്‍ന്നൊരുക്കിയ സംഗീത വിരുന്നും ചടങ്ങിനെ അവിസ്മരണീയമാക്കി. സുഗതവനം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എല്‍.സുഗതന്‍, റുക്‌സാനയുടെ മാതാവ് സുമയ്യ, മാജിക് പ്ലാനറ്റ് മാനേജര്‍ ബിജുരാജ് സുരേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  റുക്‌സാനയുടെ ജന്മദിനാഘോഷവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

ഇച്ഛാശക്തിയില്‍ എല്ലാവരും കൂടെ നില്‍ക്കുമ്പോള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും: എസ്.കണ്‍മണി

0 Comments

Leave a comment