കഴക്കൂട്ടം: 'ഹോമിയോ സ്പരzശം' എന്ന പേരിൽ സൗജന്യ ഹോമിയോപതി ചികിത്സയും മരുന്നും വിതരണം ചെയ്യുന്ന പദ്ധതി കഴക്കൂട്ടം മണ്ഡലത്തിൽ നടപ്പാക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. നാളെ (മെയ് 7-ന്) രാവിലെ 9 മണിയ്ക്ക് ശ്രീകാര്യം ചാവടിമുക്ക് ഗാന്ധിപുരം റോഡിൽ മൊബൈൽ ചികിത്സാ വാഹനത്തിന്റെയും, വീട്ടിൽ ചികിത്സ നൽകുന്നതിന്റെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. പദ്ധതി നടത്തിപ്പിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം മന്ത്രിയുടെ ഓഫീസിൽ ചേർന്നു. ഹോമിയോപതി വകുപ്പ് തിരുവനന്തപുരം ജില്ലയാണ് ഹോമിയോ സ്പർശം പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. നിയോജക മണ്ഡലത്തിലെ നിവാസികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഹോമിയോപ്പതി വകുപ്പിലെ സീനിയർ വിദഗ്ദ്ധ ഡോക്ടർ, ഹൗസ് സർജൻ, പാരാമെഡിക്കൽ സ്റ്റാഫും എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി പരിശോധിച്ച്, അനുയോജ്യമായ ചികിത്സ നിർദ്ദേശങ്ങളും, ഔഷധവും നല്കുന്നതാണ് പദ്ധതി. രോഗികളെ കഴിയുന്നതും ഈ പ്രത്യേക സാഹചര്യത്തിൽ ആശുപത്രികളിലേക്ക് എത്തിക്കാതെ അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം ആയൂർവേദം അരികിൽ എന്ന പരിപാടിയും നടന്നു വരികയാണ്. മേൽ ചികിത്സകൾ വേണ്ടി വരുന്നവർ 94471 03222, 99612 30754, 94466 98961 എന്നീ നമ്പരുകളിൽ വിളിക്കുകയോ വാട്ട്സാപ്പ് സന്ദേശം വഴി ചികിത്സ ആവശ്യപ്പെടുകയോ ചെയ്യാം. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
കഴക്കൂട്ടം മണ്ഡലത്തില്‍ ഹോമിയോ സ്പര്‍ശം





0 Comments