കഴക്കൂട്ടം: കഴക്കൂട്ടത്തു നിന്നും സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് മാറ്റിക്കൊണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.ടി ഓഫീസിനു മുന്നിൽ കൂട്ടധർണ്ണ നടത്തി. കഴക്കൂട്ടം കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജി.രവീന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് മുൻ എം.എൽ.എ എം.എ.വാഹിദ് ഉൽഘാടനം നിർവഹിച്ചു. സംസ്ഥാനത്തെ വളരെ പ്രധാനപ്പെട്ടതും പൊതുജനങ്ങൾക്ക് ഏറെ പ്രയോജന പ്രദവുമാണ് കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ആർ.ടി ഓഫീസ്. ജനങ്ങൾക്ക് ഇത്രയും സൗകര്യ പ്രദമായ കഴക്കൂട്ടത്തെ ഓഫീസ് കാട്ടായിക്കോണത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്നും ജനത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും സമരത്തിൽ അഭിപ്രായപ്പെട്ടു. കഴക്കൂട്ടം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് കഴക്കൂട്ടത്തു തന്നെ നിലനിർത്തണമെന്ന ആവശ്യമടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും, വ്യാവസായിക സംഘടനകളുടെയും, റസിഡന്റ്സ് അസോസിയേഷനുകളുടെയും കലാകായിക സംഘടനകളുടെയും കൂട്ടായ്മയായ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ ഈ മാസം 7 ന് കഴക്കൂട്ടം ആർ.ടി ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തിയിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എസ്.അനിൽകുമാർ, ആർ.പുരുഷോത്തമൻ നായർ, കടകംപള്ളി ഹരിദാസ്, ജോൺ വിഗ്നേഷ്യസ്, ജോൺസൺ ജോസഫ്, നദീറാ സുരേഷ്. കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് അണ്ടൂർക്കോണം സനൽകുമാർ, തുടങ്ങിയവർ സംസാരിച്ചു. ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച ധർണ്ണ ഉച്ചയ്ക്ക് 1 മണിയോടു കൂടി സമാപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ്, കൗൺസിലർ ബിന്ദു, മുൻ കൗൺസിലർ ശ്രീരേഖ, ഡി.സി.സി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, ബൂത്ത് പ്രസിഡന്റുമാർ, കോൺഗ്രസിന്റെ വിവിധ തലങ്ങളിലെ നേതാക്കൾ അടക്കം നൂറുകണക്കിന് പ്രവർത്തകർ ധർണ്ണയിൽ പങ്കെടുത്തു.
കഴക്കൂട്ടം സബ് ആർ.ടി ഓഫീസ് നിലനിർത്തണമെന്നാവശ്യപ്പെട്ട് ആർ.ടി ഓഫീസിനു മുന്നിൽ കൂട്ടധർണ്ണ





0 Comments