കഴക്കൂട്ടം: കഴക്കൂട്ടത്തെ ദേശീയ പാതയിലെ സർവ്വീസ് റോഡ് ഓൺലൈൻ ഭക്ഷണ വിതരണക്കാർ കൈയടക്കുന്നതായി പരാതി. വിവിധ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളിലെ വിതരണ ജോലിക്കാർ ഓർഡർ എടുക്കാൻ എത്തുന്ന ഹോട്ടലുകൾക്ക് സമീപത്തെ ദേശീയ പാതയോരത്തെ സർവ്വീസ് റോഡ് കൈയടക്കിയിരിക്കുകയാണ്. ഇവരുടെ നൂറു കണക്കിനു ഇരുചക്രവാഹനങ്ങളാണ് റോഡിൽ പാർക്ക് ചെയ്യുന്നത്. കഴക്കൂട്ടത്ത് സർവീസ് റോഡിലെ ഗതാഗത തടസ്സം പതിവ് കാഴ്ച. ആയിരങ്ങൾ ജോലി ചെയ്യുന്ന ടെക്നോപാർക്ക് മുതൽ കഴക്കൂട്ടം വരെയുള്ള സർവ്വീസ് റോഡുകളാണ് ഇവർ കൂട്ടമായി കയ്യടക്കിയിരിക്കുന്നത്. കൂടാതെ ടെക്കികളടക്കമുള്ള വനിതകൾക്കു നേരെയുള്ള കമന്റടിയും പലപ്പോഴും വാക്കുതർക്കങ്ങൾക്കിടയാക്കാറുണ്ട്. കഴിഞ്ഞ ദിവസം സമീപത്തെ ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം പിൻവലിയ്ക്കാനെത്തിയ വനിതാ ടെക്കിയുടെ ഫോട്ടോ ഇക്കൂട്ടത്തിൽ പെട്ട ഒരാൾ എടുക്കുകയുണ്ടായി. ഇതിനെ ചോദ്യം ചെയ്തപ്പോൾ പെൺകുട്ടിയുടെ നേരെ കൂട്ടമായി ചേർന്ന് അശ്ലീള ചുവയുള്ള വാക്കുകൾ പറയുകയും ചെയ്തു. പെൺകുട്ടി കരഞ്ഞു കൊണ്ട് പോകുന്നത് കണ്ട, ഹോട്ടലിൽ ഭക്ഷണം കഴിയ്ക്കാൻ വന്ന ഒരാൾ പോലീസിൽ ഫോൺ ചെയ്ത് വിവരമറിയിച്ചു. എന്നാൽ പോലീസ് എത്തുമ്പോഴേക്കും ഹോട്ടലിൽ നിന്നും ഓർഡർ ശേഖരിച്ച് ഇവർ സ്ഥലം വിട്ടിരുന്നു. പലപ്പോഴും മാനഹാനി ഭയന്ന് സ്ത്രീകളും പരാതിപ്പെടാൻ തയ്യാറാവുന്നുമില്ല. സർവ്വീസ് റോഡിലെ ഒരു ദേശസാൽകൃത ബാങ്കിന്റെ പ്രവർത്തനം തന്നെ ഇവരുടെ അതിക്രമം കൊണ്ട് ബുദ്ധിമുട്ടിലായിരിക്കുകയാണ്. ബാങ്കിന്റെ മുൻവശം പൂർണ്ണമായും ഇവർ കൈയടക്കിയിരിക്കുന്നു. ബാങ്കധികൃതർ പലതവണ കഴക്കൂട്ടം പോലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇടപാടുകാർക്ക് ബാങ്കിനുള്ളിൽ കയറണമെങ്കിൽ പോലും ഇവരുടെ കാരുണ്യം കൂടിയേ തീരൂ. ബാങ്കിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന എ.ടി.എമ്മിൽ നിന്നും പണമെടുക്കുന്ന കാര്യവും ബുദ്ധിമുട്ടു തന്നെ. എടിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയവർ ഇവരുമായി കഴിഞ്ഞ ദിവസം ചെറിയ രീതിയിലുള്ള സംസാരവും ഉണ്ടായി. ഇവരുടെ ശല്യം ഏറിയതോടെ ബാങ്ക് മറ്റൊരിടത്തേക്ക് മാറാനായി കെട്ടിടം അന്വേഷിക്കുകയാണ്. ഓൺലൈനായി വരുന്ന ഓർഡറുകൾ ശേഖരിക്കാനായി എത്തുമ്പോൾ ഭക്ഷണം നൽകുന്ന ഹോട്ടലുകൾ അവരുടെ വാഹന പാർക്കിംഗ് സ്ഥലത്ത്, തങ്ങളുടെ ഇരു ചക്രവാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം നിഷേധിക്കുന്നതാണ് പ്രധാന കാരണമായി അവർ പറയുന്നത്. ഇവരുടെ കാര്യത്തിൽ ഇടപെടാൻ കഴിയില്ല എന്നാണ് ഭക്ഷണം നൽകുന്ന സ്ഥാപനങ്ങൾ പറയുന്നത്. കൂടാതെ കഴക്കൂട്ടത്തെ ഓൺലൈൻ ഭക്ഷണ വിതരണക്കാരായ ഇവർ മദ്യം ഉൾപ്പടെ വീടുകളിൽ എത്തിക്കുന്നതായും ആക്ഷേപമുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ധാരാളം സ്ത്രീകൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സഞ്ചരിക്കുന്ന സ്ഥലമാണ് ഐടി നഗരമായ കഴക്കൂട്ടം. അങ്ങനെയുള്ള പ്രദേശത്താണ് ഇത്തരം പ്രവർത്തികൾ നടക്കുന്നത് എന്നത് നഗരത്തിനു തന്നെ നാണക്കേടാണ്. ദിവസങ്ങൾക്കു മുമ്പ് രാത്രി ജോലി കഴിഞ്ഞ് വരുകയായിരുന്ന ടെക്കിയെ കയറി പിടിച്ചത് ഇതേ സ്ഥലത്ത് വച്ചാണ്. അന്ന് നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ടാണ് പ്രതിയെ പിടികൂടിയത്. നിരവധി പരാതികൾ കിട്ടിയിട്ടും പോലീസ്റ്റേഷനിൽ നിന്നു വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതും വളരെയേറെ പ്രാധാന്യമുള്ളതുമായ പ്രദേശത്ത് പോലീസ് കാര്യമായി ഇടപ്പെടുന്നില്ല എന്ന് പരക്കെ ആക്ഷേപമുണ്ട്.
കഴക്കൂട്ടത്ത് ദേശീയ പാതയിലെ സർവ്വീസ് റോഡുകൾ കൈയടക്കി ഓൺലൈൻ ഭക്ഷണ വിതരണ ജോലിക്കാർ





0 Comments