കഴക്കൂട്ടം: കഴക്കൂട്ടത്ത് മേൽപാല നിർമ്മാണത്തിന്റെ ഭാഗമായി ദേശീയ പാതയിലെ തണൽ മരങ്ങൾ മുറിച്ച് മാറ്റാൻ തുടങ്ങി. മിഷൻ ആശുപത്രിയ്ക്കു സമീപമുള്ള ഐ.ഒ.സി. പെട്രോൾ പമ്പു മുതലാണ് മരങ്ങൾ മുറിച്ചു തുടങ്ങിയത്. ടെക്നോപാർക്ക് മുതൽ സി.എസ്.ഐ മിഷൻ ആശുപത്രി വരെ 2.07 കി.മി ദൂരത്തിലാണ് മേൽപ്പാലത്തിന്റെ നിർമ്മാണം നടക്കുന്നത്. ടെക്നോപാർക്ക് മുതൽ കഴക്കൂട്ടം ജംഗ്ഷൻ വരെയുള്ള ബൈപ്പാസിന്റെ മീഡിയനിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഈ ഭാഗത്തെ പണി പുരോഗമിക്കുന്നതോടൊപ്പം കഴക്കൂട്ടം മുതൽ സി.എസ്.ഐ ആശുപത്രി വരെയുള്ള ദേശീയ പാതയിൽ മേൽപാല നിർമ്മാണം നടക്കേണ്ടതുണ്ട്. കഴക്കൂട്ടം മുതൽ ദേശീയ പാത ഇരട്ടിക്കലും മേൽപാല നിർമ്മാണവും ഒരുമിച്ച് നടന്നാലേ പാലത്തിന് പ്രയോജനം ലഭിക്കുകയുള്ളു. എന്നാൽ ദേശീയ പാത വികസനത്തിനുള്ള സ്ഥലമെടുപ്പിലുള്ള അവ്യക്തത ഇതുവരെ പരിഹരിച്ചിട്ടില്ല. മാത്രമല്ല ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക ഉടമകൾക്ക് കൊടുത്തു തുടങ്ങിയിട്ടുമില്ല. എങ്കിലും ദേശീയ പാത അധികൃതർ ഊർജ്ജിതമായി തന്നെ രംഗത്തുണ്ട്. സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയിലെ വൃക്ഷങ്ങളിൽ നമ്പർ പതിച്ചിട്ടുണ്ടെങ്കിലും വനം വകുപ്പിന്റെ അനുമതിയോടെ ദേശീയ പാതയോരത്തെ തണൽ മരങ്ങൾ മാത്രമാണ് ഇപ്പോൾ മുറിച്ച് മാറ്റുന്നത്.
കഴക്കൂട്ടത്ത് മേൽപാല നിർമ്മാണത്തിന്റെ ഭാഗമായി ദേശീയ പാതയിലെ തണൽ മരങ്ങൾ മുറിച്ച് മാറ്റൽ തുടങ്ങി





0 Comments