കഴക്കൂട്ടം: വഴിയിൽനിന്നും വീണു കിട്ടിയ സ്വർണ്ണമടങ്ങിയ ബാഗ് പോലീസ് സ്റ്റേഷനിലെത്തിച്ച് മാതൃകയായി യുവാവ്. നിലമേൽ കൈതോട് കുന്നുംപുറത്തു വീട്ടിൽ നുസൈഫ(65) യുടെ 15 പവനോളം വരുന്ന സ്വർണ്ണമടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്. കുടുംബവുമൊത്ത് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തുമണിയോടെ ബീമാപള്ളിയിലേയ്ക്ക് പോകുന്ന വഴിയ്ക്ക്, കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കു സമീപം വച്ച് ഇവർ സഞ്ചരിച്ച ഓട്ടോയിൽ നിന്നും ബാഗ് റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.
ബീമാപള്ളിയിൽ എത്തിയപ്പോഴാണ് നുസൈഫയും കുടുംബവും സ്വർണ്ണമടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയത്. റോഡിൽ വീണ ബാഗ്, വെൽഡിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന മധുവിന്റെ കണ്ണിൽപ്പെടുകയായിരുന്നു. ആരെങ്കിലും മാലിന്യം വലിച്ചെറിഞ്ഞതായിരിക്കുമെന്ന് ആദ്യം കരുതിയെങ്കിലും സംശയം തോന്നിയതിനാൽ മധു ബാഗ് റോഡിൽ നിന്നെടുത്തു പരിശോധിച്ചു.
അപ്പോഴാണ് ബാഗിനുള്ളിലെ പേഴ്സിൽ സ്വർണ്ണാഭരണങ്ങൾ കണ്ടത്. മധു ഉടൻ തന്നെ തൊട്ടടുത്തുള്ള കഴക്കൂട്ടം പോലിസ് സ്റ്റേഷനിൽ ബാഗ് ഏൽപ്പിയ്ക്കുകയായിരുന്നു. ബാഗിനുള്ളിൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ നിന്നാണ് ഉടമയെ പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് എസ് ഐ ശരത്ത് നുസൈഫയെ വിളിച്ചു വരുത്തി സ്വർണ്ണവും പണവും കൈമാറുകയായിരുന്നു.
സ്വർണ്ണം തിരികെക്കിട്ടിയ സന്തോഷത്തിന് മധുവിന് പാരിതോഷികവും നൽകിയാണ് നുസൈഫയും കുടുംബവും മടങ്ങിയത്.വീട്ടിൽ വയ്ക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ആണ് യാത്രയിൽ സ്വർണ്ണാഭരണങ്ങൾ കൂടെ കൊണ്ടുപോയതെന്ന് നുസൈഫ പറഞ്ഞു. അഞ്ചു വർഷമായി കഴക്കൂട്ടത്ത് താമസിയ്ക്കുന്ന മധു കരുനാഗപ്പള്ളി പാവുമ്പ സ്വദേശിയാണ്.
കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കു സമീപം വച്ച് ഇവർ സഞ്ചരിച്ച ഓട്ടോയിൽ നിന്നും ബാഗ് റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.





0 Comments