കഴക്കൂട്ടം: അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തെറ്റിയാർ തോട് ശുചീകരണം ഉത്ഘാടനം മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. തിരുവനന്തപുരം നഗരത്തിലെ പ്രധാന ജലസ്രോതസുകളിൽ ഒന്നായ തെറ്റിയാർ തോട് ശുചീകരണം, കേരള സർക്കാരും നഗരസഭയും കൂടിയാണ് നടത്തുന്നത്. ഹരിത കേരളം പദ്ധതിയിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു പ്രവർത്തി കൂടിയാണ് ഇത്. തിരുവനന്തപുരം നഗരസഭാ ആരോഗ്യ വകുപ്പും, അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ പ്രധാനപ്പെട്ട ജല ശ്രോതസുകളെല്ലാം മാലിന്യക്തമാക്കുന്നതിനും നദികളുടെ പൂർവ്വസ്ഥിതി വീണ്ടെടുക്കുന്നതിനും വേണ്ടിയാണ് ഹരിത കേരള മിഷനും നഗരസഭയും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി കഴക്കൂട്ടം വാർഡിലെ വെട്ടുറോഡ് മുതൽ ടെക്നോപാർക്ക് വരെയുള്ള ഭാഗത്തെ തെറ്റിയാർ തോട് ശുചിയാക്കുന്ന പ്രവൃത്തിക്കാണ് തുടക്കം കുറിച്ചത്. വെട്ടുറോഡ് ഭാഗത്തുനിന്നും ആരംഭിച്ച തെറ്റിയാർ ശുചീകരണത്തിൽ നഗരസഭാ ഹെൽത്ത് വിഭാഗം ജീവനക്കാർ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായ തൊഴിലാളികൾ എന്നിവരോടൊപ്പം നാട്ടുകാരും പങ്കാളികളായി. തൊഴിലുറപ്പു പദ്ധതിയിലെ 60 തോളം പേരാണ് ഇതുമായി ബന്ധപ്പട്ട് വൃത്തിയാക്കാനായി ഇന്നലെ എത്തിയത്. ഇതിന്റെ ഭാഗമായി ജെ.സി.ബി, ഹിറ്റാച്ചി എന്നിവയുടെ സഹായത്തോടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ആരംഭിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് കുറെ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിനു കൂടി പദ്ധതി പ്രയോജനപ്പെടും. 271 രൂപയാണ് തൊഴിലുറപ്പു തൊഴിലാളികളുടെ ഇപ്പോഴത്തെ വേതനം. ഉത്ഘാടന ചടങ്ങിൽ റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ, മറ്റു സന്നദ്ധ പ്രവർത്തകർ, നഗരസഭാജീവനക്കാർ എന്നിവർ പങ്കെടുത്തു.
തെറ്റിയാർ തോട് ശുചീകരണം മേയർ വി.കെ. പ്രശാന്ത് ഉത്ഘാടനം ചെയ്തു.





0 Comments