/uploads/news/news_നടക്കാൻ_വയ്യാത്ത_യുവതിയെ__ഊബർ_ഓട്ടോയിൽ_ന..._1736314616_9674.jpg
Local

നടക്കാൻ വയ്യാത്ത യുവതിയെ ഊബർ ഓട്ടോയിൽ നിന്നും ഇറക്കിവിട്ട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ


കഴക്കൂട്ടം: നടക്കാൻ ആവാതെ ആശുപത്രിയിൽ ചികിത്സ തേടി വന്ന യുവതിയെ ഊബർ ഓട്ടോയിൽ നിന്ന് ഇറക്കിവിട്ട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം.  യുവതിയുടെ പരാതിയിൽ കേസെടുത്ത കഴക്കൂട്ടം പൊലീസ് ഓട്ടോ ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കി. കാലിലെ നീരിന് ചികിത്സ തേടിയാണ് യുവതി ആശുപത്രിയിൽ എത്തിയത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്ക് മുന്നിലാണ് സംഭവം.

ടെക്നോ പാർക്ക് ജീവനക്കാരിയായ അഞ്ജലി വിജയൻ ചികിത്സയ്ക്ക് ശേഷം തിരികെ വീട്ടിലേക്ക് പോകാൻ ഊബർ ആപ്പിൽ ഓട്ടോറിക്ഷ ബുക്ക് ചെയ്തിരുന്നു. അതുപ്രകാരം എത്തിയ  ഓട്ടോയിൽ കയറിയ യുവതിയെ ആശുപത്രിക്ക് മുന്നിലെ ഓട്ടോ സ്റ്റാന്‍റിലെ  ഡ്രൈവർമാർമാരായ നിസാർ, ബിനു, അൽ-അമീൻ എന്നിവർ നിർബന്ധിച്ച് ഇറക്കി വിടുകയായിരുന്നു. ഓട്ടോ സ്റ്റാൻഡ് ഉണ്ടായിട്ടും ഊബർ ഓട്ടോയിൽ യാത്ര ചെയ്യാൻ പാടില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ കാലിന് വേദനയാണെന്നും നടക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞപ്പോൾ നടന്ന് കാണിക്കാനും വീഡിയോ എടുക്കാമെന്നും ഊബർ ഓട്ടോ തടഞ്ഞ ഡ്രൈവർമാർ അഞ്ജലിയോട് പറഞ്ഞു. മറ്റുള്ള ഡ്രൈവർമാർ ചോദിച്ചാൽ കാല് വയ്യാത്തതിനാലാണ് ഊബറിൽ പോയതെന്ന് വിശദമാക്കാനാണ് ഇതെന്നുമായിരുന്നു ഓട്ടോ തടഞ്ഞ മൂവരുടെയും പ്രതികരണം.

എന്തായാലും ഊബർ ഓട്ടോയിൽ പോകാൻ പറ്റില്ലെന്നും തങ്ങളുടെ ഓട്ടോയിൽ പോയാൽ മതിയെന്നും ഓട്ടോ ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയും ഓട്ടോ തടയുകയും ചെയ്തു. ഈ രംഗങ്ങളെല്ലാം മൊബൈലിൽ പകർത്തിയ യുവതി ഭർത്താവിനെ   വിളിച്ചു വരുത്തി. അഞ്ജലിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഓട്ടോ ഡ്രൈവർമാരായ ബിനു, അൽ അമീൻ, നിസാർ എന്നിവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. യുവതിയുടെ യാത്ര തടസ്സപ്പെടുത്തിയതിന് മൂവരിൽ നിന്നായി പിഴ ഈടാക്കിയതായി കഴക്കൂട്ടം പോലീസ് പറഞ്ഞു.

https://www.instagram.com/reel/DEfNBoKypZ5/?utm_source=ig_web_copy_link

 

അഞ്ജലിയുടെ പരാതിയിൽ കേസെടുത്ത കഴക്കൂട്ടം പൊലീസ്, ഓട്ടോ ഡ്രൈവർമാരായ ബിനു, അൽ അമീൻ, നിസാർ എന്നിവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പിഴ ഈടാക്കി.

0 Comments

Leave a comment