കഴക്കൂട്ടം: പാർവ്വതി പുത്തനാറിന്റെ ഇരുകരകളിലുമുള്ള മരങ്ങൾ സ്വകാര്യ വ്യക്തികൾ മുറിച്ചു മാറ്റുന്നു. സാമൂഹ്യ വനവൽകരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിച്ച മരങ്ങളാണ് സ്വകാര്യ വ്യക്തികൾ വ്യാപകമായി മുറിച്ചു കടത്തുന്നത്. ഇരുകരകളിലുമുള്ള മരങ്ങളാണ് ഇവർ മുറിച്ചു കടത്തിക്കൊണ്ടിരിക്കുന്നത്.പാർവ്വതി പുത്തനാറിന്റെ കഠിനംകുളം പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശത്താണ് അനധികൃത നിർമ്മാണവും മരംമുറിക്കലും നടക്കുന്നത്. മുൻപ് രാത്രികാലങ്ങളിലാണ് മരങ്ങൾ മുറിച്ചു കടത്തിയിരുന്നതെങ്കിൽ ഇപ്പോൾ പകൽവെളിച്ചത്തിലാണ് ഇപ്പണി നടത്തുന്നത്. പാർവ്വതീ പുത്തനാറിന്റെ കരയിൽ 15 മീറ്ററിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും സർക്കാർ പുറമ്പോക്ക് കൈയേറി വീട് നിർമ്മാണം പോലും നടക്കുകയാണ്. സമീപത്തെ പല വീടുകളുടെയും ഫ്ലാറ്റുകളുടെയും കക്കൂസ് മാലിന്യമടക്കമുള്ള ഡ്രൈനേജ് പൈപ്പുകൾ പാർവ്വതീ പുത്തനാറിലേക്ക് തുറന്നു വിട്ടിരിക്കുന്നത് ആറിലെ ജലത്തെ പൂർണ്ണമായും മലിനമാക്കിയിരിക്കുകയാണ്. ആറിന്റെ ഇരുകരയിലുമുള്ളവർ കുടിക്കാനൊഴികെയുള്ള മുഴുവൻ ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്ന വെള്ളമാണ് ഇന്ന് ഈ ഗതികേടിലായിരിക്കുന്നത്. ഒരു കാലത്ത് ജലഗതാഗതത്തിനുപയോഗിച്ചിരുന്ന ആറ് ഇപ്പോൾ പൂർണ്ണമായും കുളവാഴയും പായലും മാലിന്യങ്ങളും മൂടി ഒഴുക്കു നിലച്ച നിലയിലാണ്. 5 വർഷം മുൻപ് ദേശീയ ജലപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ആറിന്റെ അതിരുകൾ കണ്ടെത്തി തിരിച്ചിരുന്നെങ്കിലും കൈയേറ്റം വ്യാപകമായി തുടരുകയാണ്. സർക്കാർ ഭൂമിയിലുള്ള മരംമുറിയും കൈയേറ്റവും നാട്ടുകാർ വേണ്ട സമയത്തു തന്നെ അറിയിച്ചിട്ടും പഞ്ചായത്ത് അധികൃതരും പോലീസും തിരിഞ്ഞു നോക്കാറില്ല.
പാർവ്വതി പുത്തനാറിന്റെ ഇരുകരകളിലുമുള്ള മരങ്ങൾ സ്വകാര്യ വ്യക്തികൾ മുറിച്ചു മാറ്റുന്നു.





0 Comments