കഴക്കൂട്ടം: കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തീരദേശ വികസന ഫണ്ടിൽ നിന്നും 3 കോടി 66 ലക്ഷം രൂപ ചിലവിട്ട് നിർമിച്ച കെട്ടിടമാണ് നശിക്കുന്നത്. ഇതിൽ മൂന്ന് കോടി രൂപ കെട്ടിടത്തിനും 66 ലക്ഷം രൂപ ഫർണിച്ചർ വാങ്ങുന്നതിനുമാണ് അനുവദിച്ചത്. കെട്ടിടം പൂർത്തിയാക്കി 2016 ഒക്ടോബറിൽ ഉദ്ഘാടനവും കഴിഞ്ഞു. എന്നാൽ നാളിതുവരെയായിട്ടും രോഗികൾക്കായി ഈ കെട്ടിടം തുറന്ന് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഏകദേശം നൂറോളം രോഗികളെ കിടത്തി ചികിത്സിയ്ക്കാൻ കഴിയുന്ന സൗകര്യത്തോടു കൂടിയാണ് കെട്ടിടം പണി പൂർത്തികരിച്ചത്. കൂടാതെ ഫാർമസി, ഡോക്ടർമാർക്ക് ഇരിക്കാനുള്ള സൗകര്യം, ഡ്രസിംഗ് റൂം, ലാബ് എന്നിവ കൂടി പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യൂട്ടിക്ക് ഒരു ദിവസം നാല് സ്ഥിരമായുള്ള ഡോക്ടറും രണ്ട് എൻ.ആർ.എച്ച്.എം-ലെ രണ്ട് ഡോക്ടർമാരുമുണ്ടെങ്കിലും മിക്കവാറും ഡ്യൂട്ടിയ്ക്ക് എത്താറുള്ളത് രണ്ടോ മൂന്നോ പേർ മാത്രം. മത്സ്യതൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങി പാർക്കുന്ന പ്രദേശത്തെ ഏക ആശ്രയമായ ആശുപത്രിയിലെ പുതിയ കെട്ടിടം എത്രയും വേഗം തുറക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആശുപത്രിയിലെത്തിയ കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ ആഫീസർ ഡോ. അച്ചാമ്മയെ ഉപരോധിച്ചു. ആവശ്യങ്ങൾ ഉടൻ പരിഗണിക്കാമെന്ന ഉറപ്പിൻമേൽ ഉപരോധം അവസാനിപ്പിച്ചു. പ്രതിഷേധ മാർച്ചും ഉപരോധവും കെ.പി.സിസി നിർവാഹക സമിതി അംഗം എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി പത്രോസ്, പഞ്ചായത്ത് അംഗങ്ങളായ ലില്ലി തോമസ്, അമ്പിളി യശോദ, മോളി, യൂത്ത് കോൺഗ്രസ് നേതാക്കളായ സഫീർ, മേനംകുളം ഷാജഹാൻ, പുതുവൽ രതീഷ്, വിഷ്ണു, രാഹുൽ എന്നിവർ പങ്കെടുത്തു.
പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം പൊടി പിടിച്ച് നശിക്കുന്നു





0 Comments