ആറ്റിങ്ങൽ: പൊതുവിദ്യാഭ്യാസ മേഖലയോടും അധ്യാപകരോടുമുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളിലും ഓൺലൈൻ പഠന പ്രവർത്തനങ്ങളിലും സജീവമായിരുന്ന അധ്യാപകരെ അവമതിക്കുന്ന സമീപനമാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
അദ്ധ്യാപക സംഘടനകളുമായി കൂടിയാലോചനയില്ലാതെ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതും വകുപ്പിലെ വീഴ്ചകൾ ശ്രദ്ധയിൽപെടുത്തുന്ന അദ്ധ്യാപകർക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുന്നതും പൊതു വിദ്യാഭ്യാസ മേഖലയുടെ മേൻമ ഇല്ലാതാക്കും.
അദ്ധ്യായന വർഷാരംഭത്തിൽ പാഠഭാഗങ്ങൾ മുഴുവനും പഠിക്കണമെന്ന നിർദേശം നൽകാതിരുന്നത് വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തി. ഉച്ചഭക്ഷണ പദ്ധതിക്ക് ലഭ്യമാക്കിയിരുന്ന തുക വർദ്ധിപ്പിക്കാത്തതും നൽകിക്കൊണ്ടിരുന്ന വിഭവങ്ങൾ വെട്ടിക്കുറച്ചതും പ്രതിഷേധാർഹമാണ്. കൂടാതെ നോഷണലായി നിയമനാംഗീകാരം കിട്ടിയ അദ്ധ്യാപകർക്ക് സർവീസ് കാലയളവിലെ ആനുകൂല്യങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹയർസെക്കൻഡറി ട്രാൻസ്ഫർ കരട് ലിസ്റ്റിലെ അപാകതകൾ പരിഹരിക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ആറ്റിങ്ങൽ എൽ.എം.എസ് എൽ.പി സ്കൂളിൽ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കരിം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജമീൽ.ജെ അധ്യക്ഷനായി. സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി കെ.എം.അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.ജിജു മോൻ പ്രമേയം അവതരിപ്പിച്ചു. കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി കെ.റ്റി.അമാനുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രകാശ് പോരേടം, ഷുഹൈബ്.കെ, ഹൻസീർ എന്നിവർ സംസാരിച്ചു. ഷിഹാബുദ്ധീൻ.എസ് സ്വാഗതവും ഹാഷിം മേലഴികം നന്ദിയും പറഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കെ.എസ്.ടി.യു തിരുവനന്തപുരം ജില്ലാ സമ്മേളനം





0 Comments