/uploads/news/2300-IMG-20210929-WA0018.jpg
Local

ബീഥോവന്‍ ബംഗ്ലാവിനെ സംഗീത സാന്ദ്രമാക്കി മഞ്ജരിയും ഭിന്നശേഷിക്കുട്ടികളും


കഴക്കൂട്ടം: പിന്നണി ഗായിക മഞ്ജരിയും ഭിന്നശേഷിക്കുട്ടികളും സപ്ത സ്വരങ്ങൾ കൊണ്ട് ചന്തവിള, മാജിക് പ്ലാനറ്റിലെ ബീഥോവൻ ബംഗ്ലാവിനെ സംഗീത സാന്ദ്രമാക്കി. മായാമാളവഗൗള രാഗവും ആദിതാളവുമൊക്കെ ഹൃദിസ്ഥമാക്കി ഭിന്നശേഷിക്കുട്ടികൾ മഞ്ജരിക്കൊപ്പം പാടിക്കയറിയപ്പോൾ ഡിഫറന്റ് ആർട്ട് സെന്റർ സംഗീതപ്പെരുമഴയിൽ നനഞ്ഞു. ഡിഫറന്റ് ആർട്ട് സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സഹയാത്ര എന്ന പദ്ധതിയുടെ ഭാഗമായുള്ള ഓൺലൈൻ ഷോയ്ക്ക് സംഗീത പരിശീലനം നൽകുവാൻ എത്തിയതായിരുന്നു മഞ്ജരി. മഞ്ജരിയെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഭിന്നശേഷിക്കുട്ടികൾ സംഗീതത്തിന്റെ വിസ്മയാന്തരീക്ഷം തീർത്തത്. കീർത്തനങ്ങളും സിനിമാ ഗാനങ്ങളും ഒരു ഭയാശങ്കകളുമില്ലാതെ മഞ്ജരിക്കൊപ്പം ഭിന്നശേഷിക്കുട്ടികൾ തകർത്താലപിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം സംഗീത പരിശീലനം നീണ്ടു നിന്നു. പരിമിതരെന്ന് മുദ്രകുത്തി മാറ്റിനിർത്തേണ്ടവരല്ല ഈ കുട്ടികളെന്നും ഇവരിലെ ഭിന്നമായ കഴിവുകൾ ലോകം അംഗീകരിക്കപ്പെടാൻ ഡിഫറന്റ് ആർട്ട് സെന്റർ വഴിയൊരുക്കുമെന്നും മഞ്ജരി അഭിപ്രായപ്പെട്ടു. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എം.അഞ്ജന ഐ.എ.എസ് സംഗീത പരിശീലനം ഉദ്ഘാടനം ചെയ്തു. മാജിക് അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാനേജർ ജിൻജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2 മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യ വിരുന്നിൽ മുൻ മന്ത്രി കെ.കെ.ശൈലജ ടീച്ചർ, മോഹൻലാൽ, കെ.എസ്.ചിത്ര, മഞ്ജു വാര്യർ, ജി.വേണുഗോപാൽ, മഞ്ജരി, മുരുകൻ കാട്ടാക്കട, ഭിന്നശേഷി മേഖലയിൽ നിന്നും പ്രശസ്തരായ ധന്യാ രവി, സ്വപ്ന അഗസ്റ്റിൽ, നൂർ ജലീല, ആദിത്യാ സുരേഷ് എന്നിവരും ഭാഗമാകും. ചലച്ചിത്ര സംവിധായകൻ പ്രജേഷ് സെൻ ആണ് പരിപാടിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ബീഥോവന്‍ ബംഗ്ലാവിനെ സംഗീത സാന്ദ്രമാക്കി മഞ്ജരിയും ഭിന്നശേഷിക്കുട്ടികളും

0 Comments

Leave a comment