കഴക്കൂട്ടം: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കരിച്ചാറ സൗഹൃദ വേദിയാണ് 'അശരണരോടൊത്തൊരു സ്നേഹപകൽ' എന്ന വേറിട്ട പരിപാടിയൊരുക്കി നാടിന് മാതൃകയായത്. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിന് കീഴിൽ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പാച്ചിറയിൽ പ്രവർത്തിക്കുന്ന വയോജന പരിപാലന കേന്ദ്രത്തിലാണ് സ്നേഹ പകൽ ഒരുക്കിയത്. ജീവിതത്തിൻ്റെ സായം വേളയിൽ സ്വന്തം വീടുകളിൽ നിന്നും പുറന്തള്ളപ്പെട്ട മുപ്പത് അമ്മമാരാണ് പരിപാലന കേന്ദ്രത്തിലുള്ളത്. തങ്ങളുടെ കദനങ്ങൾ ഉള്ളിലൊതുക്കിയ അമ്മമാർ സൗഹൃദവേദി ഒരുക്കിയ സ്നേഹ പകലിൽ പാട്ടു പാടിയും കൊച്ചു വർത്തമാനങ്ങൾ പറഞ്ഞും ആനന്ദക്കണ്ണീർ പൊഴിച്ചു. പോറ്റി വളർത്തിയ മക്കളും കൂടെപ്പിറപ്പുകളുമൊക്കെ തങ്ങളുടെ വീടും സ്വത്തും കൈക്കലാക്കി തങ്ങളെ പുറന്തള്ളിയതിൽ അവർക്കിപ്പോൾ സങ്കടമില്ല. സ്വസ്ഥവും സുഖകരവുമായ ജീവിതത്തിന് വൃദ്ധരായ അമ്മമാരെ തടസ്സമായി കാണുന്ന മക്കളോടോ മറ്റ് ആരോടുമോ ഒരു പരിഭവവുമില്ലെന്ന് ഈ വൃദ്ധ അമ്മമാർ പറയുന്നു. സ്വന്തം മക്കൾക്കായി ഇന്നും തനിക്ക് കിട്ടുന്ന തുഛമായ പെൻഷൻ തുക പോലും കരുതി വെക്കുന്ന എൻപത്തിയാറുകാരി അമ്മയും കൂട്ടത്തിലുണ്ട്. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സ നടത്തുന്നവരും മാനസിക രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരും കൂട്ടത്തിലുണ്ട്. ഇണങ്ങിയും ചിണുങ്ങിയും കുസൃതിത്തരങ്ങൾ ഒപ്പിച്ചും ഈ വൃദ്ധഅമ്മമാർ വയോജന കേന്ദ്രത്തിലെ ഓരോ ദിനരാത്രങ്ങളേയും വർണ്ണാഭമാക്കി കൊണ്ടിരിക്കുന്നു. കരിച്ചാറ സൗഹൃദ വേദി പ്രസിഡൻ്റ പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി അമീർ കണ്ടൽ, വയോജന പരിപാലന കേന്ദ്രം മേട്രൻ എസ്.സുജ, വാസുദേവൻ നായർ, കാസിംപിള്ള, സുകുമാരൻ കുട്ടി, അൻസർ പാച്ചിറ, അംജദ് റഹ്മാൻ, സലിം, സത്യൻ, ബാദർ, ജമീൽ, സുധീർ, സിറാജ്, ഷംനാദ്, അസിംബായ്, ഫൈസൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മനുഷ്യാവകാശ ദിനം അർഥവത്താക്കി കരിച്ചാറ സൗഹൃദ വേദി





0 Comments