കഴക്കൂട്ടം: ഡി.ജി.പിയുടെ ഉത്തരവ് നിലവിൽ ഉണ്ടായിട്ടു പോലും മാധ്യമ പ്രവർത്തകരെ കഴക്കൂട്ടം പോലീസ് തടഞ്ഞു വച്ച് സഭ്യേതരമായ വാക്കുകൾ പറയുന്നതായി പരാതി വ്യാപകം. ഇന്നലെ രാവിലെ മാധ്യമ പ്രവർത്തകർ ബൈക്കിൽ പോകുമ്പോഴാണ് വെട്ടുറോഡ് ദേശീയ പാതയിൽ വച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ തടഞ്ഞു നിർത്തിയത്. തങ്ങൾ മാധ്യമ പ്രവർത്തകരാണെന്ന് പറഞ്ഞ് തിരിച്ചറിയൽ കാർഡ് കാണിച്ചിട്ട് പോലും അശ്ലീല വാക്കുകൾ പ്രയോഗിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും മാധ്യമ പ്രവർത്തകർ കാരണം ചോദിക്കുന്നത് വീഡിയോയിൽ പകർത്തി സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിക്കുകയും ചെയ്തു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നിർദ്ദേശം പോലും പാലിക്കാതെയാണ് ഇവർ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇട്ടത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ മറ്റൊരു മാധ്യമ പ്രവർത്തകനെ ഇതേ സ്ഥലത്ത് വച്ച് തടഞ്ഞ് വച്ച് അപമാനിച്ചിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥൻമാർക്ക് പരാതിപ്പെട്ടിരുന്നു. തങ്ങളെ അപമാനിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ മാധ്യമ പ്രവർത്തകൻ കഴക്കൂട്ടം അസിസ്റ്റൻറ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതി അന്വേഷിച്ച് ബന്ധപ്പെട്ട പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എ.സി.പി അനിൽ കുമാർ അറിയിച്ചു. ഇതു സംബന്ധിച്ച് ഡി.ജി.പി.യ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകുമെന്ന് മാധ്യമ പ്രവർത്തകൻ അറിയിച്ചു. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പോലും പോലീസ് തടഞ്ഞു നിർത്തി അപമര്യാദയായി പെരുമാറുന്നു എന്ന പരാതിയും വ്യാപകമാണ്. കഴിഞ്ഞ ദിവസം മെട്രൊ വാർത്ത ദിനപ്പത്രത്തിൻ്റെ ജീവനക്കാരനെ പോലീസ് വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞിരുന്നു. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പോയി മടങ്ങി വരുമ്പോൾ പത്താം കല്ലിനും വാളിക്കോടിനും സമീപമാണ് തടഞ്ഞു നിർത്തിയത്. ഐ.ഡി കാർഡ് കാണിച്ചിട്ടും അസഭ്യം പറയുകയായിരുന്നു.
മാധ്യമ പ്രവർത്തകരെ കഴക്കൂട്ടം പോലീസ് തടഞ്ഞു വച്ച് സഭ്യേതരമായ വാക്കുകൾ പറയുന്നതായി പരാതി





0 Comments