പെരുമാതുറ: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന് കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ നേതൃത്വത്തിൽ 43 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ ഉദ്ഘാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുതലപ്പൊഴി തുറമുഖത്തിന്റെ സുരക്ഷയ്ക്കായി ശേഷിക്കുന്ന ഭാഗത്തുകൂടി ചുറ്റുമതിൽ നിർമിച്ച് ഗേറ്റ് സ്ഥാപിക്കും. മഴക്കാലം കണക്കിലെടുത്ത് മണ്ണെണ്ണ സംഭരണി സ്ഥാപിക്കുന്ന പ്രവൃത്തി അടിയന്തരമായി ചെയ്യാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുതലപ്പൊഴി മുതൽ അഞ്ചുതെങ്ങ് വരെയുള്ള തീരദേശത്ത് മത്സ്യബന്ധനത്തിലേപ്പെട്ടിട്ടുള്ളവർ തർക്കത്തിന് ഇട നൽകാതെ ഈ സൗകര്യമുപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. പദ്ധതി 2018-ൽ പൂർത്തീകരിച്ചിരുന്നെങ്കിലും പുലിമുട്ടിന് നീളം കുറവായതിനാൽ തുറമുഖ ചാനലിൽ മണ്ണ് അടിഞ്ഞ് യാനങ്ങൾക്ക് കരയ്ക്കെത്താൻ തടസ്സമനുഭവപ്പെട്ടിരുന്നു. എന്നാലിപ്പോൾ കനാൽ അഞ്ച് മീറ്റർ ആഴത്തിൽ മണ്ണ് നീക്കി യാനങ്ങളുടെ സഞ്ചാരം സുഗമമാക്കിയിരിക്കുകയാണ്. ആഗോള ടെൻഡർ വിളിച്ചിരുന്നെങ്കിലും ആരും താല്പര്യം കാണിച്ചിരുന്നില്ല. പിന്നീട് വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് പ്രവൃത്തികൾക്കെത്തിയ അദാനി ഗ്രൂപ്പുമായി നടത്തിയ ചർച്ചയിൽ അവരെക്കൊണ്ട് സൗജന്യമായി ഈ പ്രവൃത്തി ചെയ്യിക്കാനായി. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഒരേ പോലെ ന്യായ വില ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ തുറമുഖത്തിൽ കൂട്ടം കൂടി നിന്ന് തിരക്ക് കൂട്ടുന്നത് ഒഴിവാക്കുന്നതിനു കൂടി സഹകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് എഞ്ചിനീയർ ബി.ടി.വി കൃഷ്ണൻ, സൂപ്രിങ് എൻജിനീയർ വി.കെ.ലോട്ടസ്. എക്സിക്യൂട്ടീവ് എൻജിനീയർ ജി.എസ്.അനിൽ കുമാർ. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മുതലപ്പൊഴി തുറമുഖത്തിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കും: മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ





0 Comments