കഴക്കൂട്ടം: ക്രിസ്താബ്ദം 571 (ഏപ്രിൽ 20) ഹിജ്റ വർഷം റബീഉൽ അവ്വൽ 12 തിങ്കളാഴ്ച പ്രഭാതത്തിലായിരുന്നു അന്ത്യപ വാചകൻ മുഹമ്മദ് നബി (സ) യുടെ ജനനം. ഇന്ന് നബി (സ) യുടെ അനുഗ്രഹീത ജനനത്തിന് 1494 സംവത്സരങ്ങൾ പൂർത്തിയായിരിക്കുന്നു. ചരിത്രത്തിന്റെ ഗതി മാറുന്നതിന്മു ത്തു നബിയുടെ ജനനം കാരണമായി. ഹസ്രത്ത് ആദം(അ) മുതൽ ഒരു ലക്ഷത്തിൽ പരം വരുന്ന അമ്പിയാ മുർസലുകൾ ഈ ലോകത്തേക്ക് വന്നത് രണ്ട് ലക്ഷ്യങ്ങൾക്ക് വേണ്ടിയായിരുന്നു. പരിശുദ്ധ ദീനുൽ ഇസ്ലാമിന്റെ സന്ദേശം ജനങ്ങർക്ക് എത്തിച്ച് കൊടുക്കുന്നതിനും അന്ത്യ പ്രവാചകൻ മുത്തു നബി(സ)യുടെ വരവിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനും വേണ്ടിയായിരുന്നു. അജ്ഞതയും അന്തകാരവും ഇരുൾ പരത്തിയ ആറാം നൂറ്റാണ്ട് ... അക്രമവും അനീതിയും അരാചകത്വവും സ്വജന പക്ഷപാതവും, അരങ്ങ് തകർക്കുന്ന കാലം..... അപരിഷ്കൃതരായ അറേബ്യൻ സമൂഹത്തിന് മൂന്ന് കാര്യങ്ങളോടായിരുന്നു താല്പര്യം. മദ്യം കുടി നീരിനെക്കാൾ അവർക്ക് പ്രിയപ്പെട്ടതായിരുന്നു. നിസാര കാര്യങ്ങളുടെ പേരിൽ പതിറ്റാണ്ട് നീണ്ട് നിൽക്കുന്ന യുദ്ധം അവർക്ക് വലിയ താല്പര്യമായിരുന്നു. സ്ത്രീ ഏറ്റവും വലിയ ദൗർബല്യമായിരുന്നു. സത്യവും നീതിയും ധർമ്മവും കേട്ട് കേൾവി പോലുമില്ലാതിരുന്ന കാലം.. മാനവ സമൂഹം ഒരു നവോദ്ധാന നായകനെ കാത്തിരുന്ന കാലം... മക്കയിലെ പ്രസിദ്ധമായ ഖുറൈശി തറവാട്ടിൽ അബ്ദുല്ല ആമിന ദമ്പതികളുടെ മകനായി പ്രവാചക തിരുമേനി ഭൂജാതനായി. ബാല്യവും കൗമാരവും വളരെ മാതൃകാ പരമായിരുന്നു. യുവത്വത്തിന്റെ ചാപല്യങ്ങളൊന്നും തിരുമേനിയെ സ്വാധീനിച്ചില്ല. പക്വമായ ജീവിത ശൈലി ഏവരെയും സ്വാധീനിച്ചു. എല്ലാവരും ഏക സ്വരത്തിൽ അൽ അമീൻ (വിശ്വസ്ഥൻ) എന്നാണ് വിളിച്ചിരുന്നത്. ജബലുന്നൂർ 40-ാമത്തെ വയസ്സിൽ മക്കയിലുള്ള പ്രസിദ്ധമായ ജബലുന്നൂർ പർവ്വതത്തിലുള്ള ഹിറാ ഗുഹയിൽ പ്രപഞ്ച നാഥനെ ധ്യാനിച്ചു കൊണ്ടിരിക്കുമ്പോൾ നാലാമത്തെ ദൈവീക ഗ്രന്ഥമായ വിശുദ്ധ ഖുർആനിന്റെ അവതരണം ആരംഭിച്ചു. 23 വർഷക്കാലം അത് തുടർന്ന് കൊണ്ടിരുന്നു. വായിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു വിശുദ്ധ ഖുർആന്റെ അവതരണ ആരംഭം. ദിവ്യ വെളിപാടുകളുടെ അവതരണത്തോടെ പ്രവാചകൻ പ്രബോധന പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുത്തു. ഇരുളിൽ തപ്പി തടഞ്ഞ സമൂഹത്തെ ഉത്തമ പൗരന്മാരാക്കി പരിവർത്തനപ്പെടുത്തി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ മാതൃകകൾ സമൂഹത്തിന് കൈമാറി. ശാന്തിയും സമാധാനവും നിലവിൽ വന്നു. മദ്യ വിമുക്തമായ രാഷ്ട്രം രൂപപ്പെടുത്തി. സ്ത്രീകൾക്ക് അറേബ്യയുടെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ നിർഭയത്തോടെ സഞ്ചരിക്കാനുള്ള അവസരം സംജാതമായി. പീഡിതർക്കം അക്രമിക്കപ്പെട്ടവനും സമ്പൂർണ്ണ മായ നീതി ലഭ്യമായി. വെളുത്തവനും കറുത്തവനും തമ്മിൽ നില നിന്നിരുന്ന നിറത്തിന്റെ പേരിലുള്ള ഉച്ചനീചത്വം തുടച്ച് നീക്കി. മനുഷ്യരെല്ലാം ആദമിൽ നിന്ന്, ആദമോ മണ്ണിൽ നിന്ന്... വെളുത്തവനു കറുത്തവനേക്കാൾ പ്രത്യേക മഹത്വമില്ലെന്ന് പ്രവാചകൻ പ്രസ്ഥാവിച്ചു. സൃഷ്ടാവിന്റെയടുക്കൽ ഏറ്റവും ബഹുമാന്യൻ ഏറ്റവും സൂഷ്മതമുള്ളവനത്രെ! ഈ മഹത്തായ സന്ദേശം ജനലക്ഷങ്ങളെ ഇസ്ലാമിലേയ്ക്ക് ആകർശിച്ചു. പ്രവാചക തിരുമേനിയുടെ വ്യക്തി ജീവിതവും സാമൂഹൃ ജീവിതവും മനസിലാക്കിയ ചിന്തകന്മാരും ബുദ്ധി ജീവികളും മുക്ത കണ്ഠം പ്രശംസിച്ചു. നമ്മുടെ രാഷ്ട്രപിതാവ് മോഹൻ ദാസ് കരംചന്ദ് ഗാന്ധി ഒരിക്കൽ മുത്തു നബി (സ)യെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് ഹസ്രത്ത് മുഹമ്മദ് മഹാനായ പ്രവാചകനാകുന്നു. അദ്ദേഹം ധൈര്യ ശാലിയും ദൈവത്തെ മാത്രം ഭയക്കുന്നവനുമാണ്. പറയുന്നത് പോലെ പ്രവർത്തിച്ചിട്ടുള്ള ഒരു മഹത് വ്യക്തിയായിരുന്നു മുഹമ്മദ്. ഏത് കാര്യവും അവധാനതാപൂർവ്വം ചിന്തിച്ച് പ്രവർത്തിക്കുക എന്നത് അദ്ദേഹത്തിന്റെ ഗുണവിശേഷണമായിരുന്നു. പ്രവാചക തിരുമേനി ഒരു ഫഖീറായിരുന്നു. വേണമെങ്കിൽ ഇഷ്ടാനുസരണം ധനം സമ്പാദിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹവും കുടുംബവും അനുചരന്മാരും അനുഭവിച്ച യാതനാ പൂർണ്ണമായ ജീവിതത്തെക്കുറിച്ച് വായിക്കുമ്പോൾ എന്റെ കണ്ണുനീർ അണ പൊട്ടിയൊഴുക്കം. മനുഷ്യരാശിയോട് സഹതാപവും സദാ ദൈവത്തിൽ മാത്രം ദൃഷ്ടിയുറപ്പിച്ച് ദൈവത്തെ മാത്രം ഭയന്ന് ജീവിച്ചിരുന്ന ആ മഹാനുഭാവനെ ഒരു സത്യാന്വേഷിയെന്ന നിലയിൽ ഞാൻ എങ്ങനെ ആദരിക്കാതിരിക്കും. ഏറ്റവും ലളിതമായ ജീവിത രീതി, ത്യാഗ സന്നദ്ധത, സത്യത്തിൽ അടിയുറച്ച വിശ്വാസം, എല്ലാവരോടും തികഞ്ഞ ബഹുമാനവും ആദരവും ഇവയാണ് എല്ലാവിധ പ്രതിബന്ധങ്ങളെയും അതിജീവിച്ചു മുന്നേറാൻ അദ്ദേഹത്തെ സഹായിച്ച മുഖ്യ ഘടകങ്ങൾ. മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും മഹനീയ മാതൃക കാട്ടാനായി നബി തിരുമേനിക്ക് കഴിഞ്ഞു. മാതൃയോഗ്യനായ ഭരണാധികാരി, മികച്ച അദ്ധ്യാപകൻ, ഏറ്റവും നല്ല കുടുംബനാഥൻ, സത്യത്തിന്റെ സംസ്ഥാപനത്തിനായി പോരാടിയ പോരാളി, സ്വാഥികനായ ദൈവ ഭക്തൻ, സ്നേഹം പകർന്ന പിതാവ്, നീതിമാനായ ന്യായാധിപൻ, ആരാധനകൾക്ക് നേതൃത്വം നൽകിയ മതാദ്ധ്യക്ഷൻ, അനാഥകളോടും വിധവകളോടും അനുകമ്പ കാണിച്ച ജനസേവകൻ, വിജ്ഞാനം കൊണ്ട് ജന ഹൃദയങ്ങളെ ധന്യമാക്കിയ ജ്ഞാന വര്യൻ. കാരുണ്യമായിരുന്നു പ്രവാചക ജീവിതത്തിന്റെ മുഖമുദ്ര. ഒരിക്കൽ പ്രവാചകനും അനുചരന്മാരും ഒരു യാത്രയുടെ ഭാഗമായി ഒരു സ്ഥലത്ത് തമ്പടിച്ചു. തണുപ്പ് കഠിനമായതിനാൽ തണുപ്പകറ്റാൻ വേണ്ടി അനുചരന്മാർ തീ കത്തിച്ചു. തീയുടെ അരികിൽ ചേർന്ന് ഒരു വലിയ ഉറുമ്പിൻ പറ്റം ഇഴഞ്ഞ് നീങ്ങുന്നത് പ്രവാചകന്റെ ശ്രദ്ധയിൽപ്പെട്ടു. തിരുമേനി പറഞ്ഞു ആരാണ് തീ കത്തിച്ചത് പെട്ടെന്ന് തീ അണക്കുക. ആ പാവം ഉറുമ്പുകൾ തീയിൽ വീണ് പോകുമോ എന്നതായിരുന്നു പ്രവാചകന്റെ ഉത്കണ്ഠ. മറ്റൊരിക്കൽ ഒരു പ്രധാന പോരാട്ടത്തിൽ ചില കുട്ടികൾ കൊല്ലപ്പെട്ടതായി പ്രവാചകന് വിവരം ലഭിച്ചു. തിരുമേനിയുടെ ഉത്കണ്ഠ വർദ്ധിച്ചു. അനുചരന്മാരിൽ ഒരാൾ പറഞ്ഞു 'നബിയെ കൊല്ലപ്പെട്ടതൊന്നും നമ്മുടെ കുട്ടികളല്ല... ശത്രുക്കളുടെ കുട്ടികളാണ്. ഇത് കേട്ടപ്പോൾ തിരുമേനിയുടെ ദു:ഖം ഇരട്ടിയായി. അവിടുന്ന് പറഞ്ഞു ഒരു യുദ്ധത്തിലും കുട്ടികൾ വധിക്കപ്പെട്ടു കൂട. ഒരു തെറ്റിനും കുട്ടികൾ കാരണക്കാരല്ലല്ലോ. മറ്റൊരിക്കൾ ഒരാൾ ചെടിയുടെ ഇലകൾ പറിച്ച് കയ്യിലിട്ട് കഷക്കുന്നത് പ്രവാചകന്റെ ദൃഷ്ടിയിൽ പെട്ടു. അയാകള ഓ അക്രമി എന്നാണ് വിളിച്ചത്. കാരണം കൂടാതെ ചെടിയുടെ ഇല പറിച്ചത് പ്രവാചകൻ ഉൾകൊള്ളാൻ കഴിഞ്ഞില്ല. മറ്റൊരിക്കൽ ഒരാൾ പ്രവാചക തിരുമേനിയെ സന്തോഷിപ്പിക്കാൻ കുറച്ച് കിളി കുഞ്ഞുങ്ങളെ തിരു സന്നിധിയിൽ കൊണ്ട് വന്ന് സമർപ്പിച്ചു. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട തള്ള പക്ഷി അവിടെ വട്ടമിട്ട് പറന്ന് കരയുന്നത് പ്രവാചകന്റെ ശ്രദ്ധയിൽ പ്പെട്ടു. പെട്ടെന്ന് തന്നെ കുഞ്ഞുങ്ങളെ അതിന്റെ കൂട്ടിൽ കൊണ്ട് പോയി വയ്ക്കാൻ തിരുമേനി നിർദ്ദേശിച്ചു. തള്ള പക്ഷിയുടെ കരച്ചിൽ തിരുമേനിക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമായിരുന്നു. ശാന്തിയും സമാധാനവും നിറഞ്ഞ ഒരു പുതു ലോകക്രമം കെട്ടിപടുക്കുന്നതിന് പ്രവാചക ദർശനങ്ങൾ നമുക്ക് പ്രചോതന മേകും എന്നതിൽ സംശയമില്ല.
മുഹമ്മദ് നബി കാരുണ്യത്തിന്റെ തിരുദൂതർ. കഴക്കൂട്ടം ജമാഅത്ത് ചീഫ് ഇമാം ഹാരിസ് മൗലവി റഷാദി





0 Comments