തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ നേരില്‍ക്കാണുവാന്‍ ന്യൂഡല്‍ഹിയിലേയ്ക്ക് പോകുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് മന്ത്രി ഡോ.ആര്‍ ബിന്ദു ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ഇന്ന് (വ്യാഴം) രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലെത്തി കുട്ടികള്‍ക്ക് സമ്മാനപ്പൊതികളും മധുരവും വിതരണം ചെയ്താണ് മന്ത്രി കുട്ടികള്‍ക്ക് യാത്രയയപ്പ് നല്‍കിയത്.
ഒഴിവാക്കിനിര്‍ത്തേണ്ടവരല്ല ഭിന്നശേഷി സമൂഹമെന്നും ഉയര്‍ന്ന് പറക്കുവാന്‍ ചിറകു നല്‍കുകയാണ് വേണ്ടതെന്നും യാത്രയയപ്പ് വേളയില്‍ മന്ത്രി ഡോ. ആര്‍.ബിന്ദു പറഞ്ഞു. കുട്ടികള്‍ക്ക് ലഭിച്ച വലിയൊരു സൗഭാഗ്യമാണിതെന്നും കലാവൈഭവം കൊണ്ട് ഏവരുടെയും ഹൃദയങ്ങളില്‍ കുട്ടികള്‍ ശ്രേഷ്ഠമായൊരിടം പിടിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍ രാജ്യത്തുടനീളം വ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ ചൂണ്ടിക്കാട്ടി.
തുടർന്ന് സംഘത്തിലെ അമല്‍ അജയകുമാര്‍ അമ്മമഴക്കാറിന് കണ്‍നിറഞ്ഞു എന്ന ഗാനം മന്ത്രിക്കായി പാടുകയും ചെയ്തു. അക്ബര്‍ ട്രാവല്‍സ് കേരള റീജിയണല്‍ മാനേജര്‍ ലക്ഷ്മി മറിയ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രപതി സന്ദര്‍ശനത്തിന് മുന്നോടിയായി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നാളെ വെള്ളിയാഴ്ച) വൈകുന്നേരം 6 മണിക്ക് ഡോ.അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഭിന്നശേഷിക്കുട്ടികളുടെ ഒന്നര മണിക്കൂര്‍ നീളുന്ന എംപവറിംഗ് വിത്ത് ലൗ - എന്ന ഇന്ദ്രജാല കലാവിരുന്ന് അരങ്ങേറും.
ഭിന്നശേഷിക്കുട്ടികളുടെ പ്രകടനത്തിന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, നോബല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി എന്നിവര്‍ സവിശേഷ സാന്നിദ്ധ്യമാകും. റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ് ആമുഖ പ്രഭാഷണം നടത്തും. മുന്‍കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഐ.എ.എസ് സ്വാഗതവും പണിക്കേഴ്‌സ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ബാബു പണിക്കര്‍ നന്ദിയും പറയും. ചടങ്ങില്‍ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംത്തെ പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് ഡോ. കെ.സി ജോര്‍ജ് നേതൃത്വം നല്‍കും.
27ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കുട്ടികളുടെ സംഘം രാഷ്ട്രപതി ഭവനിലെത്തുന്നത്. കുട്ടികളുടെ കലാപരിപാടികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും. പരിപാടിയുടെ ട്രാവല്‍ പാര്‍ട്ണറായ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് സംഘങ്ങള്‍ക്ക് തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേയ്ക്കും തിരിച്ചും എയര്‍ ടിക്കറ്റുകള്‍ സൗജന്യമായി നല്‍കിയത്.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുന്നില്‍ കുട്ടികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കും





0 Comments