കഴക്കൂട്ടം: ലോകത്തിലെ കോടിക്കണക്കിന് ഇസ്ലാം മത വിശ്വാസികൾ പ്രപഞ്ച നാഥനായ പടച്ചവന്റെ അനുഗ്രഹത്താൽ വൃതശുദ്ധിയിലാണ് ഉള്ളത്. റമളാനിനെ മൂന്നു ഘട്ടങ്ങളായിട്ടാണ് തരം തിരിച്ചിട്ടുള്ളത്. ഒന്നാമത്തെ ഘട്ടം ആദ്യത്തെ പത്തു ദിനങ്ങളിലെ കാരുണ്യത്തിന്റെ ദിനങ്ങളാണ്. രണ്ടാമത്തെ 10 ദിനങ്ങൾ പാപമോചനത്തിന്റെ ദിനങ്ങളാണ്. മൂന്നാമത്തെ 10 ദിനങ്ങൾ നരക മോചനത്തിന്റെ ദിനങ്ങളാണ്. പ്രപഞ്ച നാഥനായ പടച്ചവനോട് കാരുണ്യത്തിനു വേണ്ടി വളരെ വിനയപൂർവ്വം അപേക്ഷിച്ചു കൊണ്ടിരുന്ന സത്യവിശ്വാസികൾ രണ്ടാമത്തെ പത്തിൽ തന്റെ ജീവിതത്തിൽ വന്നു പോയ മുഴുവൻ തെറ്റുകുറ്റങ്ങളും മാപ്പാക്കി കിട്ടുന്നതിനു വേണ്ടിയുള്ള പാപമോചന പ്രാർത്ഥനയിലും സൽക്കർമ്മങ്ങളിലുമാണ് ഇപ്പോൾ വ്യാപൃതരായിട്ടുള്ളത്. നോമ്പിന്റെ ആത്യന്തികമായ ലക്ഷ്യം അഥമത്വത്തിൽ നിന്നും മനുഷ്യനെ ഔന്നത്യത്തിലേക്കു കൈ പിടിച്ചുയർത്തലാണ്. മനുഷ്യന്റെ ആത്മ സംസ്ക്കരണ മാണ് വ്രതം ലക്ഷ്യമാക്കുന്നത്. അതു പോലെ തന്നെ ശാരീരികമായ ക്ഷമതയും വൃതത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണ്. മരുന്നു കൊണ്ട് ചികിത്സിച്ചാൽ ഭേദമാകാത്ത പല രോഗങ്ങളും കുറഞ്ഞ നാളത്തെ വൃതാനുഷ്ഠാനത്തിലൂടെ ഭേദമാകുമെന്ന് ആധുനിക വൈദ്യശാസ്ത്രം പോലും സമ്മതിച്ചു പറഞ്ഞ സത്യമാണ്. ദാനധർമ്മങ്ങൾ വർദ്ധിപ്പിച്ചും സൽക്കർമ്മങ്ങൾ നിർവ്വഹിച്ചും ഖുർആനിന്റെ പാരായണം അധികരിപ്പിച്ചും കുടുംബ ബന്ധങ്ങൾ ചേർത്തും ഇഫ്താറുകൾ നടത്തിയും സത്യവിശ്വാസികൾ പരിശുദ്ധമായ റമളാനിനെ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. ഇനിയുള്ള ദിനങ്ങളിൽ ഇപ്പറഞ്ഞ കാര്യങ്ങൾക്കെല്ലാം വളരെ താല്പര്യപൂർവം, വളരെ ജാഗ്രതയോടു കൂടി വിശ്വാസികൾ മുന്നോട്ടു വരുന്നതാണ്.
റംസാൻ സന്ദേശം: ഹാരിസ് മൗലവി (ഇമാം കഴക്കൂട്ടം മുസ്ലിം ജമാഅത്)





0 Comments