പോത്തൻകോട്: സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യ കൃഷിയിലൂടെ കർഷകർ വിളവെടുക്കുന്ന മത്സ്യത്തിന് വിപണി കണ്ടെത്താനും ന്യായ വില ലഭ്യമാക്കുവാനുമുള്ള പദ്ധതി ആവിഷ്കരിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ നിന്നും തെരഞ്ഞെടുത്ത 10 കർഷകരുടെ വീട്ടുവളപ്പിലെ പുരയിടങ്ങളിൽ ടാർപോളിൻ കൊണ്ട് നിർമ്മിച്ച കൃത്രിമ കുളത്തിൽ വളർത്തിയ മത്സ്യ വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സിത്താര എന്ന കർഷകയുടെ വീട്ടുവളപ്പിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പരസ്യം നൽകി വിപണന തന്ത്രം ആവിഷ്കരിക്കുന്ന കർഷകർക്ക് മത്സ്യം എളുപ്പത്തിൽ വിറ്റു പോവുകയും മെച്ചപ്പെട്ട വില ലഭിക്കുകയും ചെയ്യാറുണ്ടെന്ന് പുത്തൻതോപ്പ് മത്സ്യഭവനിലെ പ്രോജക്ട് കോഡിനേറ്റർ വീണാ അയ്യപ്പൻ പറഞ്ഞു. ആസാം വാള എന്ന ഇനം മത്സ്യമാണ് ഇവിടെ വളർത്തിയത്. 10 മീറ്റർ നീളവും, 8 മീറ്റർ വീതിയും അര മീറ്റർ താഴ്ചയിലും കുഴിയെടുത്ത് ഒരു മീറ്റർ ഉയരത്തിൽ ബണ്ട് നിർമ്മിച്ച് ടാർപോളിൻ വിരിച്ച് ഒരു മീറ്റർ വെള്ളം കെട്ടി നിറുത്തി ആയിരം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് കൃഷി. ഇങ്ങനെ ചെയ്യുന്ന മത്സ്യ കൃഷിയിൽ നിന്നും 8 മാസം കൊണ്ട് വിളവെടുക്കാൻ കഴിയുമെന്ന് കർഷകർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ.അനിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്ലാമൂട് വാർഡംഗം അനിത കുമാരി സ്വാഗതമാശംസിച്ചു. പഞ്ചായത്ത് അംഗങ്ങളായ അനിത ടീച്ചർ, ബിന്ദു സത്യൻ, ഷീജ, ഷാഹിദാ ബീവി, അഭിൻ ദാസ്, നയന.വി.ബി, ജയചന്ദ്രൻ, വർണ്ണാ ലതീഷ്, വിമൽ കുമാർ ശശികല, ബ്ലോക്ക് പഞ്ചായത്ത് അംഗം പോത്തൻകോട് അനിൽകുമാർ, അക്വാ കൾച്ചർ പ്രമോട്ടർ അനിത കുമാരി, എൻ.വി.കവിരാജൻ തുടങ്ങിയവർ പങ്കെടുത്തു.
വളർത്തി വിളവെടുക്കുന്ന മത്സ്യത്തിന് ന്യായവില ലഭ്യമാക്കുവാനുള്ള പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ





0 Comments