/uploads/news/1014-IMG-20190928-WA0027.jpg
Local

വഴിയിൽ അവശയായി കിടന്ന പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച ദമ്പതികൾക്ക് പോലീസിന്റെ സ്നേഹാദരം


കടയ്ക്കാവൂർ: വക്കം പണയിൽ കടവ് പാലത്തിന് സമീപം അവശ നിലയിൽ കിടന്ന പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച ദമ്പതികളെയാണ് പോലീസ് ആദരിച്ചത്. ആനത്തലവട്ടം സ്വദേശികളായ ശ്യാം, ഭാര്യ നിഷ എന്നിവർക്കാണ് പുണ്യ പ്രവർത്തിക്ക് കടയ്ക്കാവൂർ പോലീസിന്റെ സ്നേഹാദരം നേടാൻ അവസരമൊരുങ്ങിയത്. കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് ശ്യാമും ഭാര്യ നിഷയും പണയിൽ കടവിലുള്ള ബന്ധു വീട്ടിൽ പോയി മടങ്ങി വരുമ്പോൾ അവശ നിലയിൽ വഴിയിൽ കിടക്കുന്ന പെൺകുട്ടിയെ കാണുകയായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയെ വക്കം ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡി.കോളേജിലും എത്തിച്ച് സമയോചിതമായ ഇടപെടലിലൂടെ ജീവൻ രക്ഷിക്കുകയായിരുന്നു. കൂടാതെ പെൺകുട്ടിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയും ബന്ധുക്കൾ എത്തുന്നതു വരെ ആശുപത്രിയിൽ തന്നെ യുവതിയെ പരിചരിച്ച് കൂട്ടിരിക്കുകയും ചെയ്തു. ദീർഘകാലമായി ഭർത്താവുമായി പിണക്കത്തിലായിരുന്ന യുവതി അന്നേ ദിവസം ആറ്റിങ്ങൽ വനിതാ സെല്ലിൽ വച്ചുണ്ടായ ചർച്ചയിൽ ഭർത്താവ് തന്നെ വേണ്ട എന്ന് ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു. ഇതിലുള്ള മനോവിഷമത്താൽ വീടു വിട്ടിറങ്ങി നടന്നു പോകുമ്പോൾ പണയിൽ കടവ് പാലത്തിന് സമീപം വച്ച് ദേഹാസ്വാസ്ഥ്യം നിമിത്തം തളർന്നു വീഴുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പലപ്പോഴും അപകടം പറ്റി റോഡിൽ കിടക്കുന്നവരെ സഹായിക്കാൻ പലരും മുതിരാറില്ലാത്തപ്പോഴാണ് ദമ്പതികൾ ഇതു പോലൊരു പ്രവൃത്തി ചെയ്തതെന്നും മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന പ്രവർത്തി ചെയ്തവരെ അംഗീകരിക്കുകയായിരുന്നുവെന്നും കടയ്ക്കാവൂർ പോലീസ് പറഞ്ഞു.

വഴിയിൽ അവശയായി കിടന്ന പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച ദമ്പതികൾക്ക് പോലീസിന്റെ സ്നേഹാദരം

0 Comments

Leave a comment