തിരുവനന്തപുരം . കൊല്ലം പാരിപ്പള്ളിയിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് മീൻകച്ചവടം ചെയ്ത വയോധികയുടെ മീൻകുട്ട പൊലീസ് തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ പോലീസ് മേധാവിയോട് നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ 16000 രൂപയുടെ മത്സ്യമാണ് പൊലീസ് നശിപ്പിച്ചത്. മത്സ്യവും പാത്രവും അഴുക്കുചാലിൽ വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് പോലീസിനെതിരെ രംഗത്ത് വന്നത്. വിൽപനയ്ക്കായി വച്ചിരുന്ന മീൻ പാത്രത്തോടൊപ്പം പോലീസ് വലിച്ചെറിഞ്ഞെന്നും രോഗ ബാധിതനായ ഭർത്താവ് ഉൾപ്പെടെ കുടുംബത്തിലെ ആറോളം പേരുടെ അന്നമാണ് പോലീസ് തട്ടിത്തെറിപ്പിച്ചതെന്നുമാണ് മേരിയുടെ പരാതി.സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ ദുരിതത്തിലായിരിക്കുമ്പോഴും സാധാരണക്കാർക്ക് നേരെ പൊലീസ് അതിക്രമം വർധിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.അതേസമയം,സംഭവം വിവാദമായതിനെ തുടർന്ന് പോലീസ് വിശദീകരണവുമായി രംഗത്തുവന്നിരുന്നു. മീൻ തട്ടിത്തെറിപ്പിച്ചു എന്നപേരിൽ പ്രചരിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധമാണെന്നാണ് പോലീസ് പറയുന്നത്. ഡി കാറ്റഗറിയിലുള്ള സ്ഥലത്ത് കോവിഡ് നിയന്ത്രണം ലംഘിച്ച് കച്ചവടം നടത്തിയപ്പോൾ ആളു കൂടുകയും തുടർന്നു പൊലീസ് നടപടിയെടുക്കുകയുമായിരുന്നു എന്നും,മീൻ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നുമാണ് പോലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ നല്കിയ വിശദീകരണം.അത് അതേപടി ശരിവക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളും.
വസ്തുതാ വിരുദ്ധം..പാരിപ്പള്ളിയിൽ മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന വിവാദ പ്രചാരണത്തിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി.





0 Comments