ചിറയിൻകീഴ്: വാക്സിൻ വിതരണത്തിലെ ക്രമക്കേടിനെതിരെ അഴൂർ ഗ്രാമപഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് ഭരണ സമിതി യോഗം ബഹിഷ്കരിച്ചു. അഴൂർ ഗ്രാമപഞ്ചായത്തിലെ ഭരണ സമിതിയുടെ കോവിഡ് വാക്സിനേഷൻ ക്രമക്കേടിനെതിരെയും, പഞ്ചായത്ത് ഡോർമിസിലിയറി കെയർ സെന്ററിലെ സാമ്പത്തിക തിരിമറിക്കെതിരെയും വാർഡുകളിൽ തെരുവ് വിളക്കുകൾ നല്കാത്തതിനെതിരെയുമായിരുന്നു ബഹിഷ്കരണം. സമീപ പഞ്ചായത്തുകളിൽ 'നിലാവ്' പദ്ധതിയിൽ ഉൾപ്പെടുത്തി തെരുവ് വിളക്കുകൾ കത്തിച്ചു കഴിഞ്ഞിട്ടും അഴൂർ പഞ്ചായത്ത് ഭരണ സമിതി ഇപ്പോഴും നിസ്സംഗതയിൽ കഴിയുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വാക്സിൻ വിതരണത്തിൽ സമ്പൂർണ അഴിമതിയും സ്വജനപക്ഷപാതവും ആണെന്നും, ഡോർമിസിലിയറി കെയർ സെന്ററിലെ സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ അംഗങ്ങൾ ഓഫിസ് വരാന്തയിൽ ഇരുന്ന് പ്രതിഷേധിച്ചു. ചർച്ചക്കിടെ യു.ഡി.എഫ് ഉന്നയിച്ച വിഷയങ്ങളിൽ കൃത്യമായി മറുപടി നൽകാൻ പഞ്ചായത്ത് ഭരണ സമിതി തയ്യാറായിലെന്നും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്ത് ഭരണ സമിതി വൻ പരാജയമാണെന്നും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. തുടർന്ന് സംസാരിച്ച ബി.ജെ.പി അംഗങ്ങൾ വാക്സിൻ വിതരണത്തിൽ ക്രമക്കേടും സ്വജനപക്ഷപാതവും ആരോപിച്ചു. ഇത് ഏറേ നേരം ബി.ജെ.പി - സി.പി.എം അംഗങ്ങൾ തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തു. തുടർന്ന് ബി.ജെ.പി അംഗങ്ങൾ കമ്മിറ്റിയിൽ നിന്നും ഇറങ്ങി പോയി. പ്രതിപക്ഷ നേതാവ് മുട്ടപ്പലം സജിത്തിന്റെ നേതൃത്വത്തിൽ നടന്ന ബഹിഷ്കരണത്തിൽ കോൺഗ്രസ് അംഗങ്ങളായ നെസിയ സുധീർ, കെ.ഓമന, ബി.ജെ.പി അംഗങ്ങളായ കെ.സിന്ധു, അനിൽ നാഗർനട, ഒപ്പം ഗാന്ധി സ്മാരകത്തിൽ നിന്നുള്ള സ്വതന്ത്ര അംഗം ബി.മനോഹരൻ എന്നിവർ പങ്കെടുത്തു. ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ ബഹുജനങ്ങളെ കൂട്ടി വമ്പിച്ച പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
വാക്സിൻ വിതരണത്തിലെ ക്രമക്കേടിനെതിരെ അഴൂർ പഞ്ചായത്തിൽ പ്രതിപക്ഷ ബഹിഷ്കരണം





0 Comments