പോത്തൻകോട്: കാട്ടായിക്കോണം, ശാസ്തവട്ടത്ത് വീടു കയറി യുവാവിനെ മർദ്ദിക്കുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത മൂവർ സംഘത്തിൽപ്പെട്ട കഴക്കൂട്ടം സ്വദേശിയായ ഒരാൾ പിടിയിലായി. കഴക്കൂട്ടം കിഴക്കുംഭാഗം, ശിവ നഗർ എസ്.എൽ.ഭവനിൽ വിനീഷ് (32) ആണ് അറസ്റ്റിലായത്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ പീഡനം, നിരവധി മോഷണം, കവർച്ചാ കേസുകൾ, വധശ്രമക്കേസുകൾ അടക്കം പ്രതിയാണു പിടിയിലായ വിനീഷ്. ഇക്കഴിഞ്ഞ ജൂലൈ 6-ാം തീയതിയാണ് സംഭവം. ബൈക്കിലെത്തിയ മൂവർ സംഘം യുവാവിന്റെ വീട്ടിൽ കയറി അക്രമിക്കുകയും തുടർന്ന് റോഡിലിറങ്ങി വഴിയാത്രക്കാരെ മർദ്ദിക്കുകയും അര മണിക്കൂറോളം കൈയിൽ കരുതിയിരുന്ന ആയുധങ്ങൾ കാട്ടി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ശാസ്തവട്ടത്ത് കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്ന യുവാവിന്റെ വീട്ടിൽ കയറിയ അക്രമികൾ കമ്പി വടിയും, ബിയർ കുപ്പിയും ഉപയോഗിച്ച് യുവാവിനെ മർദ്ദിച്ചു. തുടർന്ന് വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ചു തകർക്കുകയും ചെയ്തു. അതിനു ശേഷം റോഡിലേയ്ക്കിറങ്ങിയ സംഘം വഴിയാത്രക്കാരായ ചിലരെ തടഞ്ഞു നിർത്തി അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. അക്രമത്തിന്റെ കാരണം വ്യക്തമല്ലെന്നും കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ക്വട്ടേഷനാണോ, ആളുമാറി ആക്രമിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരുകയാണെന്നും പോലീസ് അറിയിച്ചു. കേസിലെ ഒന്നും മൂന്നും പ്രതികൾ ഒളിവിലാണെന്നും ബാക്കി മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. നെടുമങ്ങാട് ഡി.വൈ.എസ്.പി അനിൽ കുമാറിന്റെ നിർദ്ദേശപ്രകാരം പോത്തൻകോട് എസ്.എച്ച്.ഒ ശ്യാം , എസ്.ഐമാരായ വിനോദ് വിക്രമാദിത്യൻ, സജു , സി.പി.ഒമാരായ അപ്പു, ഉണ്ണിക്കൃഷ്ണൻ , രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വീടുകയറി യുവാവിനെ മർദ്ദിക്കുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഘത്തിലെ ഒരാൾ പിടിയിൽ.





0 Comments