കഴക്കൂട്ടം: കണിയാപുരത്തും പരിസര പ്രദേശങ്ങളിലെയും കച്ചവട സ്ഥാപനങ്ങളിലും, മാർക്കറ്റുകളിലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വെട്ടുറോഡ് അമൽസ് ഫുഡ്സിനു 2 മാസത്തിനിടെ രണ്ടാം തവണയാണ് പിഴ നൽകുന്നത്. മുൻപു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയ അതേ പിഴവുകൾക്കാണ് വീണ്ടും പിഴ ചുമത്തിയത്. കേക്കും, ബ്രഡും സ്നാക്സ് ഐറ്റങ്ങളും ഉണ്ടാക്കുന്ന കമ്പനിയാണ് അമൽസ്. ഇവിടെ നിന്നും കഴിഞ്ഞ ദിവസം പായ്ക്കു ചെയ്ത നിലയിൽ കണ്ടെടുത്ത പായ്ക്കറ്റിനു പുറത്ത് 06/02/2020 എന്ന തീയതിയാണ് ഉത്പാദന ഡേറ്റ് ആയി പ്രിന്റു ചെയ്തിരുന്നത്. യഥാർത്ഥത്തിൽ ഇത് പായ്ക്ക് ചെയ്തത് 2 ദിവസം മുമ്പാവാനും സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഡിസംബർ ആദ്യം നടന്ന പരിശോധനയിൽ ക്രിസ്മസിനായുള്ള കേക്കുകൾ വളരെ നേരത്തേ ചെയ്തു വച്ചിരിക്കുകയായിരുന്നെന്ന് റെയ്ഡിന് നേതൃത്വം നൽകിയ പുത്തൻതോപ്പ് സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ശശി അറിയിച്ചു. ക്രിസ്മസ് ആയത് കൊണ്ടാണെന്നാണ് കമ്പനി അധികൃതർ അന്ന് പറഞ്ഞിരുന്നത്. കൂടാതെ അന്ന് കാലാവധി കഴിഞ്ഞിരുന്ന 15 പാക്കറ്റ് ഡാൽഡയാണ് പിടിച്ചെടുത്തത്. എന്നാൽ ഇത്തവണ കേക്കിൽ ചേർക്കുന്ന കാലാവധി കഴിഞ്ഞ പഴവർഗ്ഗങ്ങളുടെ പത്തോളം ബാഗുകളാണ് പിടിച്ചത്. അന്നും 15,000 രൂപ പിഴ ഈടാക്കി മുന്നറിയിപ്പും കൊടുത്തതാണ്. എന്നാൽ ഇപ്പോഴും പഴയ നിലയിൽ നിന്നും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. സ്ഥാപനത്തിലെ ജോലിക്കാരിൽ പലർക്കും ഹെൽത്ത് കാർഡും ഇല്ല. 60 ൽ അധികം ജോലിക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. കൂടാതെ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തിൽ കേക്കുകളും മറ്റും ഉണ്ടാക്കുന്ന പാത്രങ്ങളും കണ്ടെത്തി. തുടർന്ന് 15,000 രൂപ പിഴ ഈടാക്കുകയും പ്രശ്നം പരിഹരിക്കുന്നതു വരെ കമ്പനി അടച്ചു പൂട്ടാനും കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. ക്രമക്കേട് ആവർത്തിക്കാതിരിക്കാനും വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയ ശേഷം അറിയിക്കാനും പരിശോധനയ്ക്ക് ശേഷം അനുമതി കിട്ടി മാത്രം കമ്പനി തുറന്നു പ്രവർത്തിക്കാനും നിർദ്ദേശിച്ചിരിക്കുകയാണ്.
വെട്ടുറോഡ് അമൽസ് ഫുഡ്സിനു പിഴ 2 മാസത്തിനിടെ രണ്ടാം തവണ





0 Comments