/uploads/news/2500-IMG_20211123_151716.jpg
National

ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് യു.പി മുഖ്യമന്ത്രി യോഗി നേരത്തേ അറിഞ്ഞിരുന്നുവെന്ന് ഡോ.കഫീൽ ഖാൻ.


ഉത്തർപ്രദേശ്: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗോരഖ്പൂരിലെ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് സംഭവത്തിൻ്റെ തലേ ദിവസം തന്നെ വിവരം ലഭിച്ചിരുന്നതായി ശിശുരോഗ വിദഗ്ദ്ധനായ ഡോ.കഫീൽ ഖാൻ വെളിപ്പെടുത്തി. ഓക്സിജൻ ക്ഷാമം മൂലം കുട്ടികൾ മരിച്ച സംഭവത്തിൽ യു.പി സർക്കാർ ഡോ കഫീൽ ഖാനെ സർവീസിൽ നിന്നും പിരിച്ചു വിട്ടതിനെ തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 ലാണ് ഓക്സിജൻ ക്ഷാമം മൂലം ബാബ രാഘവദാസ് ആശുപത്രിയിൽ 63 കുഞ്ഞുങ്ങളും 18 രോഗികളും മരിക്കാനിടയായത്. സംഭവവുമായി ബന്ധപ്പെട്ട് നവംബർ 11 നാണ് കഫീൽ ഖാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു കൊണ്ട് യു.പി സർക്കാർ ഉത്തരവിറക്കിയത്. ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് ഉത്തർപ്രദേശ് ഗവൺമെന്റ് നേരത്തെ അറിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയ്ക്ക് നേരത്തേ നൽകിയിരുന്ന ഓക്സിജൻ്റെ 68 ലക്ഷം രൂപ ഓക്സിജൻ വിതരണക്കാർക്ക് കുടിശികയുണ്ടായിരുന്ന വിവരം ആശുപത്രി അധികൃതർ സർക്കാരിനെ ബോധിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് ഏജൻസി 14 തവണയാണ് ആശുപത്രിയ്ക്ക് കത്തു നൽകിയിരുന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സംഭവം നടക്കുന്നതിൻ്റെ തലേ ദിവസം ആശുപത്രി സന്ദർശിച്ചിരുന്നതാണ്. ആ സമയത്ത് ഏജൻസിയുടെ കത്തു കൈമാറുകയും 24 മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമേ സ്റ്റോക്കുള്ളൂ എന്ന കാര്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു കാണിച്ച് രേഖകൾ സഹിതം കഫീൽ വിശദീകരിച്ചു. സംഭവം വിവാദമായതിനെ തുടർന്ന്, പ്രതികാര നടപടിയെന്നോണം ഡോ.കഫീലിനെ സർവ്വീസിൽ നിന്നു യു.പി സർക്കാർ പിരിച്ചു വിട്ടിരുന്നു. ഹൈക്കോടതിയും ഗവൺമെന്റ് അന്വേഷണ കമ്മീഷനുകളുമടക്കം ഡോ.കഫീലിനെ കുറ്റവിമുക്തനാക്കിയതിന് ശേഷമാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. സർക്കാർ തന്നെ പിരിച്ചുവിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കഫീൽ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിനു മുൻപ് സ്വകാര്യ പ്രാക്ടീസ് നടത്തിയതിനാണ് ജോലിയിൽ നിന്നു പിരിച്ചു വിട്ടത്. സർവീസിൽ ചേർന്ന ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് തെളിവില്ലെന്നു റിപ്പോർട്ടിൽ വ്യക്തമാണ്. യുപി സർക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ പിഴവുകൾ ജനമധ്യത്തിൽ കൊണ്ട് വന്നതു കൊണ്ടും സത്യം പുറംലോകമറിഞ്ഞതിൻ്റെ പ്രതികാരമാണ് തന്നെ വേട്ടയാടാൻ കാരണമെന്നും കഫീൽ ഖാൻ പറഞ്ഞു. മുസ്ലിമായതു കൊണ്ടു മാത്രമല്ല തന്നെ ലക്ഷ്യം വെയ്ക്കുന്നത്. അവർക്ക് ഒരു ബലിയാടിനെ വേണമായിരുന്നു. സ്വന്തം ആളുകളെ രക്ഷിക്കാനാണ് അവരിങ്ങനെ ചെയ്തതെന്നും കഫീൽ ഖാൻ കൂട്ടിച്ചേർത്തു.

ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് യു.പി മുഖ്യമന്ത്രി യോഗി നേരത്തേ അറിഞ്ഞിരുന്നുവെന്ന് ഡോ.കഫീൽ ഖാൻ.

0 Comments

Leave a comment