ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയുടെ സന്ദേശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നടപ്പാക്കുന്ന പദ്ധതികളെന്ന് ബി.ജെ.പി നേതാവ് സിദ്ദീഖി അഭിപ്രായപ്പെട്ടു. സ്വച്ഛ് ഭാരത് അഭിയാൻ, 'ബേട്ടി ബച്ചാവോ, ബേഠി പഠാവോ', സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളെല്ലാം ഇസ്ലാമിക പ്രബോധനങ്ങൾക്ക് അനുസൃതമാണെന്ന് ബി.ജെ.പി മൈനോറിറ്റി മോർച്ച പ്രസിഡന്റ് സിദ്ദീഖി പറഞ്ഞതായി 'ദ പ്രിന്റ്' റിപ്പോർട്ട് ചെയ്യുന്നു. വൃത്തി ഇസ്ലാമിന്റെ അവിഭാജ്യ ഘടകമാണ്. 'ശുദ്ധി വിശ്വാസത്തിന്റെ പകുതിയെന്നാണ്' പ്രവാചകൻ പഠിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത്രയും വർഷമായി ശുചിത്വത്തിനായി ഒരു ദേശീയ കാമ്പയിൻ നടന്നിട്ടില്ല. മോദിയാണ് ഇത് ആരംഭിച്ചത്. ഇസ്ലാം അംഗീകരിക്കുന്ന എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി മോദി നടപ്പാക്കുന്നുവെന്ന് 'സ്വച്ഛ് ഭാരത് അഭിയാൻ' ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. പ്രവാചകന്റെ കാലത്ത് പെൺമക്കളെ ജീവനോടെ മണ്ണിൽ കുഴിച്ചു മൂടിയിരുന്നു. ആളുകൾ പെൺമക്കളെ ഗർഭപാത്രത്തിൽ വെച്ച് കൊല്ലാറുണ്ടായിരുന്നു. ഈ ലോകത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്നാണ് പ്രവാചകൻ ജനങ്ങളോട് പറഞ്ഞത്. പെൺ ശിശുഹത്യയ്ക്കെതിരെ ശക്തമായ ഭാഷയിലാണ് ഖുർആൻ സംസാരിക്കുന്നത്. 'ബേട്ടി ബച്ചാവോ, ബേഠി പഠാവോ' എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചത് പ്രധാനമന്ത്രിയാണ്, അത് പെൺകുട്ടിയെ രക്ഷിക്കാൻ മാത്രമല്ല, അവൾക്ക് വിദ്യാഭ്യാസം നൽകാനും ഊന്നൽ നൽകുന്നുവെന്ന് സിദ്ദീഖി പറഞ്ഞു. ഖുർആനിൽ അവതരിച്ച ആദ്യ സൂക്തം ഇഖ്റ (വായിക്കുക) എന്നതായിരുന്നു. 'ഇതാണ് വിദ്യാഭ്യാസത്തിന് ഇസ്ലാം നൽകുന്ന ഊന്നൽ. മോദിയുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയപ്പോൾ അവരും മാറി. മദ്രസാ വിദ്യാഭ്യാസ രീതികൾ നവീകരിക്കപ്പെടുകയാണെന്നും സിദ്ദീഖി പറഞ്ഞു.
മോദി നടപ്പാക്കുന്നത് മുഹമ്മദ് നബിയുടെ സന്ദേശമെന്ന് ബി.ജെ.പി നേതാവ്.





0 Comments