ന്യൂഡൽഹി: ഇനി ട്രെയിൻ യാത്രക്ക് യാത്രാ ടിക്കറ്റ് മാത്രം പോരാതെ വരും. ട്രെയിനിൽ കയറാനും ഇറങ്ങാനും യാത്രക്കാരൻ പണം കൊടുക്കേണ്ടി വരുമെന്ന് ഇന്ത്യൻ റെയിൽവെയിലെ പുതിയ മാറ്റങ്ങൾ സൂചിപ്പിക്കുന്നുവെന്നു റിപ്പോർട്ട്. പുതുതായി വികസിപ്പിച്ചതോ വികസിപ്പിക്കാനിരിക്കുന്നതോ ആയ റെയിൽവെ സ്റ്റേഷനുകളിൽ നിന്ന് ട്രെയിനിൽ കയറാൻ 10 രൂപ മുതൽ 50 രൂപ വരെ യാത്രക്കാരൻ കൊടുക്കേണ്ടി വരും. യാത്രാ ടിക്കറ്റിന് പുറമെയാണ് ഈ തുക. സമാനമായ നിലയിൽ ഇത്തരം സ്റ്റേഷനുകളിൽ ഇറങ്ങാനും പണം കൊടുക്കേണ്ടി വരുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.വിമാന ടിക്കറ്റുകളിലേത് പോലെ ഈ തുക ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഉപഭോക്താവിൽ നിന്ന് ഈടാക്കും. ഫസ്റ്റ് ക്ലാസ് എസി,എസി ടു ടയർ,എസി ത്രീ ടയർ,സ്ലീപർ,അൺറിസർവ്ഡ് എന്നീ കാറ്റഗറികളിൽ വ്യത്യസ്ത നിരക്കിലായിരിക്കും ഫീസ്.ഇതുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം റെയിൽവെ മന്ത്രാലയം ഉടൻ പുറത്തിറക്കും.റെയിൽവെ സ്റ്റേഷനുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ വ്യക്തികൾക്കോ കമ്പനികൾക്കോ കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ഈ നീക്കം. വരുമാനം വർധിക്കുമെന്ന് കണ്ടാൽ കൂടുതൽ പേർ ടെണ്ടറിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. റെയിൽവെ സമർപ്പിച്ച ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് വിജ്ഞാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രാ ടിക്കറ്റിനു പുറമെ ട്രെയിനിൽ കയറാനും ഇറങ്ങാനും പണം കൊടുക്കേണ്ടി വരുമോ





0 Comments