ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ മേധാവിയായി അഡ്മിറൽ ആർ ഹരികുമാർ ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിംഗ് സ്ഥാനമൊഴിഞ്ഞതോടെയാണ് തിരുവനന്തപുരം സ്വദേശിയായ ആർ ഹരികുമാർ നാവികസേനയുടെ തലപ്പത്ത് എത്തുന്നത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളി കൂടിയാണ് ആർ ഹരികുമാർ.സന്തോഷവും അഭിമാനവുമുണ്ടെന്ന് ചുമതല ഏറ്റെടുത്ത ശേഷം ആർ ഹരികുമാർ പ്രതികരിച്ചു. 2024 ഏപ്രിൽ വരെയാണ് ഹരികുമാറിന്റെ കാലാവധി. 1962 ഏപ്രിൽ 12ന് തിരുവനന്തപുരത്തെ പട്ടത്താണ് ഹരികുമാറിന്റെ ജനനം. പിന്നീട് തിരുവനന്തപുരത്ത് മന്നം മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ആർട്സ് കോളേജിൽ ഉപരിപഠനത്തിനു ചേർന്നു. ഇതിനുപിന്നാലെ 1979 ലാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്ന് സൈനിക വിദ്യാഭ്യാസത്തിന്റെ ആദ്യ പടിയിലേക്ക് ഹരികുമാർ കാലു വയ്ക്കുന്നത്.മുംബൈയിലെ പടിഞ്ഞാറൻ നാവിക കമാന്റിന്റെ മേധാവിയായിരുന്ന ആർ ഹരികുമാർ 39 വർഷത്തെ സേവന പരിചയവുമായാണ് നാവിക സേനാമേധാവി പദത്തിൽ എത്തുന്നത്. ഐഎൻഎസ് വിരാട് അടക്കം അഞ്ചോളം യുദ്ധകപ്പലുകളുടെ തലവനായിട്ടുണ്ട്. പരം വിശിഷ്ട് സേവാ മെഡൽ, അതി വിശിഷ്ഠ് സേവാ മെഡൽ, വിശിഷ്ട് സേവാ മെഡൽ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഇന്ത്യൻ നാവികസേനയെ നയിക്കാൻ ഇനി തിരുവനന്തപുരത്തുകാരൻ ആര്‍ ഹരികുമാര്‍.





0 Comments