/uploads/news/news_ഏഷ്യയിലെ_മോശം_പ്രകടനം_കാഴ്ചവെച്ച_കറന്‍സി..._1673002031_1448.png
National

ഏഷ്യയിലെ മോശം പ്രകടനം കാഴ്ചവെച്ച കറന്‍സിയായി രൂപ; ഇനിയും ഇടിവുണ്ടാകുമെന്ന് വിലയിരുത്തല്‍


ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷവും രൂപ മോശം പ്രകടനം കാഴ്ചവെയ്ക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. 2022ൽ ഏഷ്യയിൽ ഏറ്റവും മോശം പ്രകടനമായിരുന്നു രൂപയുടെതെന്നും ആക്‌സിസ് ബാങ്കിന്റെ മാർക്കറ്റ്‌സ് ആൻഡ് ഹോൾസെയിൽ വിഭാഗം (ട്രഷറി ഉൾപ്പടെ) ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് നീരജ് ഗംഭീർ പറയുന്നു. ബ്ലൂംബർഗ് ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

മൂല്യമിടിവ് തുടരുമെങ്കിലും കഴിഞ്ഞ വർഷത്തെ അത്രതന്നെ ആഘാതം ഉണ്ടാവില്ല. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വർഷത്തിൽ രണ്ടു മുതൽ മൂന്നു ശതമാനംവരെ ഇടിവുണ്ടായേക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞ വർഷം രൂപയുടെ മൂല്യത്തിൽ 10 ശതമാനത്തിലധികമാണ് ഇടിവുണ്ടായത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ അടിക്കടിയുള്ള നിരക്ക് വർധനവും കർശന ധനനയവും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിൽ കുത്തനെ ഇടിവുണ്ടാക്കി. രാജ്യത്തെ വിദേശനയത്തിലെ മികവില്ലായ്മയുംകൂടി ചേർന്നപ്പോൾ രൂപയെ സമ്മർദത്തിലാക്കിയതായി ഗംഭീർ പറയുന്നു.

മൂല്യതകർച്ച നേരിടാൻ റിസർവ് ബാങ്ക് കരുതൽ ധനം ഉപയോഗിച്ചു. വിദേശ നിക്ഷേപവരവ് രാജ്യത്തെ കരുതൽ ധന ശേഖരം കൂട്ടാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഡോളറിനെതിരെ 82.57 നിലവാരത്തിലാണ് രൂപയുടെ മൂല്യം.

റിപ്പോ നിരക്കിൽ കാൽ ശതമാനം മുതൽ അര ശതമാനംവരെ വർധന ഭാവിയിൽ പ്രതീക്ഷിക്കാം. ഫെബ്രുവരിയിൽ കാൽ ശതമാനം നിരക്ക് കൂട്ടാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തുന്നു.

നിരക്ക് വർധന നിലയ്ക്കുമ്പോൾ കടപ്പത്ര ആദായം താഴാൻ തുടങ്ങും. 10 വർഷത്തെ സർക്കാർ ബോണ്ടുകളിലെ ആദായം 7.25 മുതൽ 7.50ശതമാനംവരെ കുറച്ചുമാസങ്ങളിൽ തുടരും. പണസമാഹരണത്തിന് കടപ്പത്രങ്ങളെ ആശ്രയിച്ചതിനാൽ ബോണ്ട് വിപണിയിൽ മുന്നേറ്റമുണ്ടായി. ആ പ്രവണത തുടർന്നേക്കുമെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രൂപയുടെ മൂല്യത്തില്‍ 10 ശതമാനത്തിലധികമാണ് ഇടിവുണ്ടായത്.

0 Comments

Leave a comment