ന്യൂഡൽഹി: 14 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയിൽ. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ ഹർജി അടുത്ത മാസം അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. അറസ്റ്റിനും റിമാന്റിനും മാർഗരേഖ വേണം എന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കോൺഗ്രസിന് പുറമെ ഡിഎംകെ, രാഷ്ട്രീയ ജനതാദൾ, ഭാരതീയ രാഷ്ട്രീയസമിതി, തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ഈ ഹർജിയെകുറിച്ച് അഭിഭാഷകൻ മനു അഭിഷേക് സിങ്വി പരാമർശിച്ചിരുന്നു. സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയുള്ള ആയുധമാക്കി കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന വിമർശനം. ഏജൻസികൾ എടുത്ത 95 ശതമാനം കേസുകളും പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് എതിരെയുള്ളതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിനാൽ സുപ്രീംകോടതി ഇടപെട്ട് അറസ്റ്റിനും റിമാന്റിനും അടക്കം പ്രത്യേക മാനദണ്ഡം ഏർപ്പെടുത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയുള്ള ആയുധമാക്കി കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന വിമർശനം.





0 Comments