/uploads/news/news_നബി_നിന്ദ:_നൂപുര്‍_ശർമ_മാപ്പ്_പറയണമെന്ന്..._1656676045_4465.jpg
National

പ്രവാചക നിന്ദ: നൂപുര്‍ ശർമ മാപ്പ് പറയണമെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ മോശം പരാമർശം നടത്തിയതിന്റെ പേരിൽ ഉദയ്പ്പൂര്‍ കൊലപാതകം ഉള്‍പ്പടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും ഉത്തരവാദി നൂപുര്‍ ശര്‍മയാണെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. നൂപുര്‍ ശര്‍മയുടെ വാക്കുകള്‍ രാജ്യത്താകെ തീപടര്‍ത്തിയെന്ന് കോടതി പറഞ്ഞു. അവര്‍ രാജ്യത്തോടു മാപ്പു പറയുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. പ്രവാചക നിന്ദയുടെ പേരില്‍ വിവിധ സ്ഥലങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ചാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച നൂപുര്‍ ശർമയെ രൂക്ഷമായാണ് സുപ്രീംകോടതി വിമർശിച്ചത്. 


നബി നിന്ദയിൽ നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട കോടതിയോട്, പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് നൂപുര്‍ ശര്‍മയുടെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ മാപ്പ് പറയാന്‍ വൈകിയെന്നും ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ എന്ന ബന്ധനയോടെയുമാണ് മാപ്പ് പറഞ്ഞതെന്നും അതിനാൽ അത് സ്വീകാര്യമല്ലെന്നും കോടതി അറിയിച്ചു.


നൂപുര്‍ ശര്‍മ ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞത് എല്ലാവരും കണ്ടതാണെന്നും  അവര്‍ രാജ്യത്തോടു മാപ്പു പറയുകയാണ് വേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നൂപുർ ശർമ്മ ഹർജി പിൻവലിച്ചു.ബിജെപി നേതാവും പാർട്ടി വക്താവുമായ നൂപുർ ശർമ്മ അഭിഭാഷകയാണ്.

മെയ് 28ന് ഗ്യാന്‍വാപി മസ്ജിദ് വിഷയത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചക്കിടെയാണ് നൂപുര്‍ ശര്‍മ പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഇത് രാജ്യത്തിന് പുറത്തേക്കും വലിയ ചർച്ചയായി മാറിയിരുന്നു. പ്രസ്താവന ഗൾഫ് രാജ്യങ്ങൾ വരെ അപലപിക്കുന്ന സാഹചര്യത്തിലെത്തിയതോടെ ശർമ്മയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.

പ്രവാചക നിന്ദയുടെ പേരില്‍ വിവിധ സ്ഥലങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ചാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച നൂപുര്‍ ശർമയെ രൂക്ഷമായാണ് സുപ്രീംകോടതി വിമർശിച്ചത്.

0 Comments

Leave a comment