/uploads/news/news_നീതി_പൂര്‍ണമായി_നടപ്പായെന്ന്_പറയാന്‍_കഴി..._1675339030_8612.png
National

നീതി പൂര്‍ണമായി നടപ്പായെന്ന് പറയാന്‍ കഴിയില്ലെന്ന് സിദ്ദിഖ് കാപ്പന്‍


ലഖ്‌നൗ: നീതി പൂർണമായി നടപ്പായെന്ന് പറയാൻ കഴിയില്ലെന്ന് ജയിലിൽ നിന്ന് പുറത്തുവച്ച് മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ പറഞ്ഞു. 28 മാസത്തോളം നീണ്ട ജയിൽ വാസത്തിന് ശേഷമാണ് സിദ്ധിഖ് കാപ്പൻ ലക്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. മോചനത്തിന് പൊതു സമൂഹത്തോട് അദ്ദേഹം നന്ദിയറിയിച്ചു.

തന്റെ കൂടെ ജയിലിലായവരും പുറത്തിറങ്ങിയിട്ടില്ല. പല സഹോദരൻമാരും ജയിലിലാണ്. അതിനാൽ നീതി പൂർണമായും നടപ്പായെന്ന് പറയാൻ കഴിയില്ലെന്നും കാപ്പൻ പറഞ്ഞു. ഹാഥ്രസിലേക്ക് പോയ തന്നെ ചോദ്യം ചെയ്യാനായിട്ടാണ് വിളിപ്പിച്ചത്. തുടർന്ന് ഒരു ദിവസം നിയമവിരുദ്ധ തടങ്കലിലാക്കി. പിന്നീട് യു.എ.പി.എ അടക്കമുള്ള ഭീകരകുറ്റങ്ങൾ ചുമത്തുകയായിരുന്നു. ചാപ്പ കുത്തി 28 മാസമാണ് തന്നെ ജയിലിൽ അടച്ചതെന്നും സിദ്ധിഖ് കാപ്പൻ പറഞ്ഞു.

കള്ളക്കേസിൽ കുടുക്കിയാണ് തന്നെ 28 മാസം ജയിലിലടച്ചത്. ജയിലിന് പുറത്തിറങ്ങിയ തന്നെ സ്വീകരിക്കാൻ ഉമ്മ ജിവിച്ചിരിപ്പില്ല എന്നതാണ് ഏറെ സങ്കടകരം. ഹിന്ദി നല്ല വശമില്ലാത്തതു കൊണ്ടാണ് ജാമിയയിലെ വിദ്യാർത്ഥിയെ കൂടെ കൊണ്ടുപോയത്. കെ.യു.ഡബ്ലിയു.ജെ അടക്കം മാധ്യമ പ്രവർത്തകർ ഇടപെട്ടതു കൊണ്ടാണ് ഇപ്പോഴെങ്കിലും ജയിൽ മോചിതനായതെന്നാണ് കരുതുന്നതെന്നും സിദ്ധിഖ് കാപ്പൻ പറഞ്ഞു.

ലക്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ ഇനി ഡൽഹിയിലേക്ക് പോകും. ഹാഥ് രസ് ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഉത്തർപ്രദേശ് പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്.

 

തന്റെ കൂടെ ജയിലിലായവരും പുറത്തിറങ്ങിയിട്ടില്ല. പല സഹോദരൻമാരും ജയിലിലാണ്. അതിനാൽ നീതി പൂർണമായും നടപ്പായെന്ന് പറയാൻ കഴിയില്ല

0 Comments

Leave a comment