ന്യൂഡൽഹി: ഇതുവരെ ആയി 261 പേരുടെ ജീവൻ പൊലിഞ്ഞ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചതായി റെയിൽവേ അറിയിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയാക്കി ട്രാക്കിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായും റെയിൽവേ വ്യക്തമാക്കി. ഗോപാൽപുർ,,ഖന്തപറ, ബാലസോർ, ഭദ്രക് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റ 900 ത്തോളം പേരെ പ്രവേശിപ്പിച്ചിട്ടുള്ളത്.
അപകടത്തിൽപ്പെട്ട കൊൽക്കത്ത-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിൽ 1257 റിസർവ്ഡ് യാത്രക്കാരും യശ്വന്ത്പുർ-ഹൗറ എക്സ്പ്രസിൽ 1039 റിസർവ്ഡ് യാത്രികരും ഉണ്ടായിരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ റിസർവ് ചെയ്യാത്ത നിരവധി യാത്രക്കാരും ഇരുട്രെയിനുകളിലും ഉണ്ടായിരുന്നു. ഇവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.
അതിനിടെ അപകടം എങ്ങനെ സംഭവിച്ചു എന്നകാര്യത്തിൽ വിശദീകരണം റെയിൽവെ അധികൃതരുടെ ഭാഗത്തുനിന്ന് വന്നിട്ടുണ്ട്. എന്നാൽ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റിയ ശേഷമാണോ ഗുഡ്സ് ട്രെയിനിൽ ഇടിച്ചതെന്നും അതല്ല നേരിട്ട് ഇടിക്കുകയായിരുന്നോ എന്നത് സംബന്ധിച്ചും റെയിൽവേയോ കേന്ദ്ര സർക്കാർ വൃത്തങ്ങളോ ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല.
'കൊൽക്കത്ത-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനാണ് ആദ്യം അപകടത്തിൽപ്പെട്ടത്. ബഹാനഗ ബസാർ സ്റ്റേഷനിൽ വെച്ചായിരുന്നു അപകടം. ഈ സ്റ്റേഷനിൽ കോറമണ്ഡൽ എക്സ്പ്രസിന് സ്റ്റോപ്പില്ലായിരുന്നു. ട്രെയിൻ അതിന്റെ പരമാവധി വേഗതയിലാണ് വന്നിരുന്നത്. ഇതിനിടെ ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിച്ചു. കോറമണ്ഡൽ എക്സ്പ്രസിന്റെ 21 കോച്ചുകൾ പാളം തെറ്റിയിരുന്നു. ഇതിൽ മൂന്ന് കോച്ചുകൾ മറ്റൊരു ട്രാക്കിലേക്ക് തെറിച്ചെത്തി. മിനിറ്റുകൾക്കകം ഈ ട്രാക്കിൽ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് എത്തുകയും കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിൽ കൂട്ടിയിടിക്കുകയുമായിരുന്നു. യശ്വന്ത്പുർ-ഹൗറ എക്സ്പ്രസിന്റെ പിന്നിലെ രണ്ട് കോച്ചുകളും പാളം തെറ്റി. രണ്ട് ട്രെയിനുകളും നല്ല വേഗതയിലായിരുന്നു'കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു..
എന്നാൽ കോറമണ്ഡൽ എക്സ്പ്രസ് ലൂപ്പ് ലൈനിൽ കിടന്ന ഗുഡ്സ് ട്രെയിനിൽ നേരിട്ട് ഇടിച്ചതാണെന്ന സംശയവും ചില റെയിൽവേ വിദഗ്ദ്ധർ ഉന്നയിക്കുന്നുണ്ട്. ഗുഡ്സ് ട്രെയിനിന് മുകളിലാണ് കോറമണ്ഡൽ എക്സ്പ്രസിന്റെ എൻജിൻ കിടക്കുന്നത് എന്നതാണ് ഈ സംശയത്തിന് പിന്നിൽ.
വൈകീട്ട് 6.50നും 7.10 നും ഇടയിലുള്ള മിനിറ്റുകൾക്കുള്ളിലാണ് രാജ്യത്തെ നടുക്കിയ വൻദുരന്തം ഉണ്ടായതെന്നാണ് ഉദ്യോഗസ്ഥരും ദൃക്സാക്ഷികളും വ്യക്തമാക്കുന്നത്.
മരിച്ചവരിൽ പലരേയും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അധികൃതർ അറിയിച്ചു.തിരിച്ചറിഞ്ഞ മൃതദേഹങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ളവരുടേത് ഉണ്ടെന്ന് റിപ്പോർട്ടില്ലെന്ന് തമിഴ്നാട് പ്രിൻസിപ്പൽ സെക്രട്ടറി കുമാർ ജയന്ത് പറഞ്ഞു. അഞ്ജാത മൃതദേഹങ്ങളുടെ ഒരു വൻനിര തന്നെ ഒഡീഷയിൽ ആശുപത്രികളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍പ്പെട്ട കൊല്‍ക്കത്ത-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസില്‍ 1257 റിസര്‍വ്ഡ് യാത്രക്കാരും യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസില്‍ 1039 റിസര്‍വ്ഡ് യാത്രികരും ഉണ്ടായിരുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു





0 Comments