സെപ്റ്റംബർ 22 ന് രാജ്യവ്യാപകമായി പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയ്ഡിന് പിന്നാലെയാണ് സംഘടനയെ നിരോധിക്കാനുള്ള തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടത്. പിഎഫ്ഐയ്ക്കൊപ്പം അതിന്റെ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.നിരോധന ഉത്തരവിൽ ഗുരുതരമായ ആരോപണങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നയിക്കുന്നത്. കേരളത്തിൽ ഉൾപ്പെടെ നടത്തിയ കൊലപാതകങ്ങളും തൊടുപുഴ ന്യൂമാൻ കോളേജിലെ തോമസ് മാഷിന്റെ കൈവെട്ടിയ സംഭവവും നിരോധന ഉത്തരവിൽ എടുത്തു പറയുന്നുണ്ട്.

നിരോധിക്കാൻ കേന്ദ്രം പറയുന്ന 10 കാരണങ്ങൾ:
1.ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളി
2006 ൽ കേരളത്തിൽ ആരംഭിച്ച പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ വെല്ലുവിളി ഉയർത്തുന്നതാണ്. പിഎഫ്ഐ നിരവധി ഭീകരവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നിന്ന് സംഘടനയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നുള്ളതിന്റെ കൃത്യമായ തെളിവുകൾ കേന്ദ്ര സർക്കാരിന്റെ പക്കലുള്ളതിനാലാണ് ഇപ്പോഴത്തെ ഈ നടപടി.
2. ഐഎസുമായി ബന്ധം
തീവ്രവാദ പ്രവർത്തനത്തെ പിഎഫ്ഐ പിന്തുണയ്ക്കുന്നുവെന്നതാണ് സർക്കാരിന്റെ മറ്റൊരു കണ്ടെത്തൽ. നിരോധിത ഭീകര സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നേതാക്കളാണ് പിഎഫ്ഐയുടെ സ്ഥാപക അംഗങ്ങൾ. ഇറാഖിലേയും സിറിയയിലേയും ഐഎസുമായി ബന്ധമുള്ളതായും വിജ്ഞാപനത്തിൽ പറയുന്നു.ഇറാഖിലേയും സിറിയയിലേയും ഐഎസുമായി ബന്ധം
3. കൊലപാതകങ്ങളിലും ആക്രമണ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു
വിവിധ തരത്തിലുള്ള ആക്രമണക്കേസുകളിലും കൊലപാതകക്കേസുകളിലും പിഎഫ്ഐ പലപ്പോഴും പ്രതിസ്ഥാനത്താണ്. പല പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും ലക്ഷ്യമാക്കി സ്ഫോടക വസ്തുക്കൾ പ്രയോഗിച്ചിട്ടുണ്ട്. കേരളത്തിൽ പ്രൊഫസറുടെ കൈവെട്ടിയതടക്കം കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്നു.
കേരളത്തിലെ സഞ്ജിത്ത്, അഭിമന്യു, ബിബിൻ, തമിഴ്നാട്ടിലെ വി. രാമലിംഗം, നന്ദു, ശശികുമാർ കർണാടകയിലെ ആർ രുദ്രേഷ്, പ്രവീൺ പൂജാരി, പ്രവീൺ നട്ടാരു എന്നിവരുടെ കൊലപാതകങ്ങളും വിജ്ഞാപനത്തിൽ എടുത്തുപറയുന്നു.
4. അനധികൃതമായ ധനസമാഹരണം
പിഎഫ്ഐയുടെ നേതാക്കളും അനുബന്ധ സംഘടനകളും അനധികൃതമായി ധനസമാഹരണം നടത്തിയിട്ടുണ്ട്. ഇന്ത്യക്കകത്തും വിദേശത്തും ബാങ്കുകളിലൂടെയും ഹവാല വഴിയും സംഘന സംഭാവനകൾ സ്വീകരിച്ചതായും തെളിവുകളുണ്ട്. ഈ ഫണ്ട് വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും കണ്ടെത്തി.
സമാധാനാന്തരീക്ഷം തകർക്കുന്നു, ഭരണഘടന സ്ഥാപനങ്ങളെ മാനിക്കുന്നില്ല- നിരോധന ഉത്തരവിൽ കേന്ദ്രം
5. നിരോധിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം
പിഎഫ്ഐ നിരോധിക്കണമെന്ന ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത് സംസ്ഥാന സർക്കാരുകളുടെ ശുപാർശകൾ കൂടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിച്ചു
6. ഉത്തരവാദിത്വം അവഗണിക്കൽ
രാജ്യത്ത് പിഎഫ്ഐ നടത്തിയ അക്രമങ്ങളുടെയും ഭീകരവാദ പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്വം ഇതുവരെ സംഘടന ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. അതിനെയെല്ലാം അവഗണിക്കുന്ന മനോഭാവമാണ് ഇതുവരെ സംഘടന സ്വീകരിച്ചത്.
7. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള പ്രവർത്തനങ്ങളാണ് സംഘടനകളുടേത്. അതിനാൽ നിരോധനം ഏർപ്പെടുത്തിയില്ലെങ്കിൽ രാജ്യത്തിന്റെ അഖണ്ഡതയെയും സുരക്ഷയെയും സർക്കാർ സംവിധാനങ്ങളെയും ബാധിക്കുമെന്നാണ് മറ്റൊരു നിരീക്ഷണം.
8. അനുബന്ധ സംഘടനകളുടെ നിരോധനം
യുവാക്കൾ, സ്ത്രീകൾ, വിദ്യാർത്ഥികൾ, ഇമാമുമാർ, അഭിഭാഷകർ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തി പാർട്ടിയുടെ അംഗത്വം വിപുലീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് അനുബന്ധ സംഘടനകൾ രൂപീകരിച്ചിരിക്കുന്നത്. ധനസമാഹരണത്തിൽ പിഎഫ്ഐയ്ക്ക് വേണ്ടി പ്രധാനമായും പ്രവർത്തിക്കുന്നതും അനുബന്ധ സംഘടനകളാണ്. ഇതാണ് അനുബന്ധ സംഘടനകളുടെ നിരോധനത്തിനും വഴിവെച്ചത്.
ധനസമാഹരണത്തിൻറെ വേണ്ടി പ്രവർത്തിക്കുന്നത് അനുബന്ധ സംഘടനകൾ
9. സാമുദായിക സൗഹാർദം തകർത്തു
വിവിധ കേസുകളിൽ നടത്തിയ അന്വേഷണത്തിൽ പിഎഫ്ഐ ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ പ്രത്യയ ശാസ്ത്രത്തെ എതിർക്കുന്നവരെയെല്ലാം ഇല്ലാതാക്കാൻ പിഎഫ്ഐ ആവർത്തിച്ച് ശ്രമം നടത്തി. ഇതിലൂടെ രാജ്യത്തെ സാമുദായിക സൗഹാർദം തകർത്തതും നിരോധനത്തിന്റെ കാരണങ്ങളിലൊന്നാണ്.
10. ബാങ്ക് അക്കൗണ്ടുകളിലെ ക്രമക്കേട്
പിഎഫ്ഐയുടെതായ പല ബാങ്ക് അക്കൗണ്ടുകളും നിയമാനുസൃതമായിരുന്നില്ല. അന്വേഷണത്തിൽ പല അക്കൗണ്ടുകളും നിയമവിരുദ്ധമാണെന്ന് കണ്ടെത്തുകയും റദ്ദാക്കുകയും ചെയ്തു
നിരോധന ഉത്തരവിൽ ഗുരുതരമായ കാരണങ്ങൾ





0 Comments