ന്യൂഡൽഹി:ഏതെങ്കിലുമൊരു ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ അംഗവും, മെഡിക്കൽ ക്ലെയിമിന് അർഹതയുമുള്ള വ്യക്തി രോഗബാധിതനായാൽ അതിനു കാരണം പോളിസി എടുക്കുന്നതിന് മുൻപുള്ള രോഗമാണെന്ന് പറഞ്ഞ് ക്ലെയിം നിഷേധിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ബി.വി. നാഗരത്നയും ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരെ മൻമോഹൻ നന്ദ എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രധാന വിധി. പോളിസി എടുക്കുമ്പോൾ തന്റെ അറിവിലുള്ള രോഗവിവരങ്ങൾ ഇൻഷുറൻസ് കമ്പനിയെ അറിയിക്കേണ്ടത് പോളിസി ഉടമയുടെ ഉത്തരവാദിത്വമാണെന്നും കോടതി പറഞ്ഞു. രോഗവിവരം അന്വേഷിച്ച് ഉറപ്പുവരുത്തേണ്ട ചുമതല കമ്പനിയുടേതാണ്. പോളിസി നൽകിയാൽ പിന്നെ അതുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങൾക്കും പോളിസി ഉടമയ്ക്ക് അവകാശമുണ്ട്.നന്ദ അമേരിക്കയിലേക്ക് പോകുന്നതിനുമുൻപ് ഓവർസീസ് മെഡിക്ലെയിം-ഹോളിഡെ' പോളിസി എടുത്തിരുന്നു. യാത്രയ്ക്കിടെ സാൻഫ്രാൻസിസ്ക്കോ വിമാനത്താവളത്തിൽവെച്ച് ഹൃദയാഘാതമുണ്ടായി. തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാവുകയും ഹൃദയധമനിയിലെ തടസ്സം മാറ്റാൻ മൂന്ന് സ്റ്റെന്റ് ഘടിപ്പിക്കുകയും ചെയ്തു.നാട്ടിലെത്തിയശേഷം ചികിത്സച്ചെലവ് തിരികെ ലഭിക്കാൻ അദ്ദേഹം നൽകിയ അപേക്ഷ ഇൻഷുറൻസ് കമ്പനി നിരസിക്കുകയായിരുന്നു. പോളിസി എടുക്കുന്നതിന് മുൻപുതന്നെ നന്ദയ്ക്ക് ഹൈപ്പർലിപിഡെമിയ (അധിക കൊളസ്ട്രോൾ), പ്രമേഹം എന്നിവയുണ്ടായിരുന്നുവെന്നും ഇവയാണ് ഹൃദയാഘാതത്തിന് കാരണമെന്നും കമ്പനി വാദിച്ചു. മുൻപുള്ള രോഗവിവരം മറച്ചുവെച്ചുവെന്ന് നിരീക്ഷിച്ച് നന്ദയുടെ പരാതി ദേശീയ ഉപഭോക്തൃ പരാതിപരിഹാര കമ്മിഷനും തള്ളി. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പോളിസി എടുക്കുന്നതിന് മുൻപുള്ള രോഗമാണെന്ന് പറഞ്ഞ് ക്ലെയിം നിഷേധിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്.





0 Comments