/uploads/news/news_പ്രധാനമന്ത്രി_ദേശീയ_പതാകയെ_അപമാനിച്ചെന്ന..._1659862094_7521.jpg
National

പ്രധാനമന്ത്രി ദേശീയ പതാകയെ അപമാനിച്ചെന്ന് തൃശൂര്‍ സ്വദേശിയുടെ പരാതി


തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനിനെതിരെ പരാതി. ക്യാമ്പയിനിന്റെ ഭാ​ഗമായി സാമൂഹ്യമാധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കുന്നത് ഇന്ത്യന്‍  ഫ്ലാ​ഗ് കോഡിന് എതിരാണെന്നാണ് പരാതി. തൃശൂര്‍ സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജയകൃഷ്ണനാണ് ഈ വിഷയത്തിൽ കേരള സൈബര്‍ സെല്ലിനും ഡിജിപിക്കും പരാതി നല്‍കിയത്.

ഇന്ത്യയുടെ ദേശീയ പതാക എന്നത് ദീര്‍ഘ ചതുരത്തിലുള്ള മൂന്ന് നിറങ്ങള്‍ ചേര്‍ന്നുള്ളതാണെന്ന് ഭേദഗതി വരുത്തിയ ഫ്ലാ​ഗ് കോഡില്‍ പറയുന്നുണ്ട്. എന്നാല്‍, വൃത്താകൃതിയില്‍ ഇന്ത്യയുടെ ദേശീയ പതാക എന്ന പേരില്‍ മാധ്യമങ്ങളിൽ പ്രദര്‍ശിപ്പിക്കുന്നത് പതാക കോഡിന് എതിരാണെന്നും ജയകൃഷ്ണൻ പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് മാതൃകയാവേണ്ട ഭരണാധികാരികള്‍ തന്നെ ഇത്തരത്തില്‍ ദേശീയപതാകയെ അപമാനിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നത്. ദേശീയ പതാകയെ അപമാനിച്ചതിന് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ജയകൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നു. ബുധനാഴ്ച പരാതിയുമായി ബന്ധപ്പെട്ട് മൊഴി നല്‍കുമെന്നും, തുടര്‍ന്ന് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എല്ലാ ഇന്ത്യാക്കാരോടും ദേശീയ പതാക പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെയാണ് ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്. കോൺ​ഗ്രസ് നേതാവായ രാഹുൽ ​ഗാന്ധി ഉൾപ്പടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രൊഫൈല്‍ ചിത്രം മാറ്റിയിരുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ വീടുകളില്‍ മൂന്ന് ദിവസം പതാക ഉയര്‍ത്താനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.

ഫ്ലാ​ഗ് കോഡില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയതനുസരിച്ച് പൗരന്മാര്‍ക്ക് തങ്ങളുടെ വീടുകളില്‍ രാത്രിയും പകലും ത്രിവര്‍ണ പതാക പ്രദര്‍ശിപ്പിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ടോള്‍ പ്ലാസകളിലും ക്യാമ്പയിന്‍ കാലയളവില്‍ ദേശീയ പതാക ഉയര്‍ത്താനും സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈല്‍ പിക്ചര്‍ ദേശീയ പതാകയാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വൃത്താകൃതിയില്‍ ഇന്ത്യയുടെ ദേശീയ പതാക മാധ്യമങ്ങളിൽ പ്രദര്‍ശിപ്പിക്കുന്നത് പതാക കോഡിന് എതിരാണെന്ന് ജയകൃഷ്ണൻ പറഞ്ഞു.

0 Comments

Leave a comment