/uploads/news/news_വിവാഹബന്ധം_പിരിയാൻ_ആറുമാസം_കാത്തിരിക്കേണ..._1682937543_5993.png
National

വിവാഹബന്ധം പിരിയാൻ ആറുമാസം കാത്തിരിക്കേണ്ട; വിവാ​ഹ മോചനത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി


ഡൽഹി: കൂട്ടിയോജിപ്പിക്കാനാകാത്ത വിധം തകർന്ന വിവാഹമബന്ധമാണെങ്കിൽ കാലതാമസമില്ലാതെ വിവാഹമോചനം അനുവദിക്കാമെന്ന് സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല. ഇത് നിബന്ധനകൾക്ക് വിധേയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സുപ്രീംകോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിൽ ആർട്ടിക്കിൾ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിനായി ആറു മാസത്തെ നിർബന്ധിത കാത്തിരിപ്പ് വ്യവസ്ഥകൾ ഇനി മുതൽ പ്രത്യേക സാഹചര്യങ്ങളിൽ ഒഴിവാക്കാനാകും. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനുള്ള നിർബന്ധിത കാത്തിരിപ്പ് സുപ്രീംകോടതിയുടെ പ്രത്യേക അധികാര പരിധി ഉപയോഗിച്ച് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ചിന് മുൻപാകെ ഉന്നയിക്കപ്പെട്ട ചോദ്യം. എന്നാൽ പൂർണമായ നീതി നടപ്പാക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം സുപ്രീംകോടതിക്ക് പ്രത്യേക അധികാരമുണ്ടെന്ന് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു. ഇതുപ്രകാരം പരസ്പര സമ്മതത്തോടെ വിവാഹബന്ധം വേർപ്പെടുത്താനായി കാത്തിരിക്കുന്ന ദമ്പതികളെ, നിബന്ധനകൾക്ക് വിധേയമായി നീണ്ടു നിൽക്കുന്ന കോടതി നടപടികളിലേക്ക് വിടാതെ തന്നെ വിവാഹമോചനം സാധ്യമാകും.

വിവാഹബന്ധം വീണ്ടെടുക്കാൻ കഴിയാത്ത വിധം തകർന്നതാണെങ്കിൽ ബന്ധം വേർപ്പെടുത്താനുള്ള കാരണമായി അതിനെ പരിഗണിക്കാമെന്ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് കഴിഞ്ഞയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ഏഴ് വർഷം മുമ്പ് ജസ്റ്റിസുമാരായ ശിവകീർത്തി സിങ്, ആർ ഭാനുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറിയത്.

ഉത്തരവ് നിബന്ധനകള്‍ക്ക് വിധേയമാണെന്ന് സുപ്രീംകോടതി

0 Comments

Leave a comment