രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത രാത്രികളിൽ ഒന്നായിരുന്നു 2016 നവംബർ 8. അന്നായിരുന്നു ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ മുന്നറിയിപ്പില്ലാതെ നിരോധിച്ചു നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ല് തകർത്തു കളഞ്ഞ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. അതിന് ശേഷമുള്ള അഞ്ചു വർഷക്കാലം രാജ്യത്തെ പൗരൻമാർ എങ്ങനെ ജീവിക്കുന്നുവെന്ന് പ്രധാനമന്ത്രിയോ മറ്റുള്ളവരോ അന്വേഷിച്ചില്ല... എന്തായിരുന്നു പ്രത്യാഘാതങ്ങൾ ?... സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം മാറാൻ ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിന്ന് മരിച്ചവർ 108 പേർ. സ്വന്തം സമ്പാദ്യം നഷ്ടപെട്ടവർ കോടിക്കണക്കിനു ജനങ്ങൾ... അതിൽ ആത്മഹത്യ ചെയ്തവർ എത്രയെന്ന് കണക്കില്ല... ചെറുകിട ഉൽപ്പാദന രംഗങ്ങൾ തകർന്നടിഞ്ഞു. സെന്റർ ഫോർ മോണിറ്ററിംങ് ഇന്ത്യൻ ഇക്കോണമിയുടെ പഠനമനുസരിച്ചു ആദ്യ വർഷം തന്നെ ഏകദേശം 20 ലക്ഷം തൊഴിലവസരങ്ങളാണ് രാജ്യത്ത് നഷ്ടപ്പെട്ടത്. കള്ളപ്പണം തടയാനും തീവ്രവാദ പ്രവർത്തനം തടയാനും വേണ്ടിയാണ് നോട്ട് നിരോധനം എന്ന പെരും നുണ, നിരോധിച്ച പണത്തിന്റെ 98.96 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തിയതോടെ പൊളിഞ്ഞു വീണു... അക്കഥ പൊളിഞ്ഞതോടെ, ക്യാഷ്ലെസ്സ് ഡിജിറ്റൽ ഇന്ത്യ എന്ന മറ്റൊരു മഹാ നുണ മെനഞ്ഞു മോഡിയും കൂട്ടരും. ജനങ്ങളെക്കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ചു. ജൻധൻ അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്ന് പിടിക്കുന്ന കള്ളപ്പണത്തിന്റെ വിഹിതം 15 ലക്ഷം രൂപ വീതം നൽകുമെന്നായി ഭീകര കള്ളം... പക്ഷേ, പിന്നീട് കണ്ടത് മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ സാധാരണക്കാരായ മനുഷ്യരുടെ പിച്ച ചട്ടിയിൽ അവശേഷിച്ച തുക പോലും പിടിച്ചു പറിക്കുന്നതാണ്.2,000 രൂപയുടെയും 500 ന്റെയും പുതിയ വ്യാജ നോട്ടുകൾ പുറത്തിറങ്ങി. കള്ളപ്പണക്കാർ അവരുടെ ആസ്തി വിദേശ ബാങ്കുകളിലൂടെ വർധിപ്പിച്ചു. അവരുടെ കൈയിൽ ഉണ്ടായിരുന്ന കള്ളപ്പണം ബാങ്കുകൾ വെളിപ്പിച്ചു കൊടുത്തു. മറുഭാഗത്തു ജനങ്ങൾ തെരുവ് തെണ്ടികളായി മാറി. വിപണിയിൽ നിന്ന് 85% പണവും ഒറ്റയടിക്ക് അപ്രത്യക്ഷമായത് സമ്പദ് വ്യവസ്ഥയെ തകർത്തു കളഞ്ഞു. ചെറുകിട ഉത്പാദന മേഖലയുടെ നട്ടെല്ലൊടിഞ്ഞു. അസംഘടിത മേഖലയിൽ തൊഴിലില്ലായ്മ രൂക്ഷമായി.നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചാ നിരക്കിനെ സാരമായി ബാധിച്ചുവെന്ന് സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തെ പോലുള്ളവർ ചൂണ്ടിക്കാണിച്ചു. നോട്ട് നിരോധിക്കും മുമ്പ് വളർച്ചാ നിരക്ക് എട്ടു ശതമാനമായിരുന്നെങ്കിൽ പിന്നീടുള്ള വർഷങ്ങളിൽ അത് 7 ശതമാനമായി കൂപ്പ് കുത്തി.അപ്പോൾ ആർക്കു വേണ്ടിയാണ് മോദിയും കൂട്ടരും നോട്ട് നിരോധിച്ചത് ? ആർക്കു വേണ്ടിയായിരുന്നു മുതലക്കണ്ണീരും നാടകവും ആടിയത്. തീർച്ചയായും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയായിരുന്നില്ലായെന്ന് കഴിഞ്ഞ അഞ്ചു വർഷം നിസംശയം തെളിയിച്ചു കഴിഞ്ഞു. അപ്പോൾ രാജ്യ താൽപ്പര്യങ്ങൾക്ക് പുറത്തു മറ്റ് ചിലത് അവർക്കുണ്ടായിരുന്നു എന്നല്ലേ ?... (ലേഖകൻ: എം.ഷാജർഖാൻ)
രാജ്യത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന്റെ അഞ്ചാം കണ്ണീരാണ്ട്. (എം.ഷാജർഖാൻ )





0 Comments