തിരുവനന്തപുരം: സർവീസിന്റെ അവസാന ദിവസം ഭിന്നശേഷി കുട്ടികൾക്കൊപ്പം യാത്ര ചെയ്തു അവിസ്മരണീയമാക്കി തിരുവനന്തപുരം ഡിവിഷനിലെ ചീഫ് ട്രാവലിംഗ് ടിക്കറ്റ് ഇൻസ്പെക്ടറായ സന്തോഷ്. ഇന്നലെ വന്ദേ ഭാരത് എക്സ്പ്രസ്സിലെ സി 12 കോച്ചിലാണ് വേറിട്ടതും ഏവരുടെയും ഹൃദയം കവർന്നതുമായ റിട്ടയർമെന്റ് ആഘോഷം നടന്നത്. ഡിഫറന്റ് ആർട്ട് സെന്ററിന്റെ കാസർഗോഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഗോപിനാഥ് മുതുകാടിനോടൊപ്പം യാത്ര ചെയ്യാനെത്തിയതായിരുന്നു ഭിന്നശേഷി കുട്ടികൾ.
മുതുകാടും കുട്ടികളും വന്ദേഭാരതിൽ യാത്ര ചെയ്യുന്നുണ്ടെന്നറിഞ്ഞ സന്തോഷ് തന്റെ സേവനത്തിന്റെ അവസാന ദിവസം ഇവർക്കൊപ്പം ആഘോഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു. കുട്ടികൾക്കൊപ്പം തിരുവനന്തപുരം മുതൽ കൊല്ലം വരെ യാത്ര ചെയ്തും കേക്ക് മുറിച്ചുമാണ് അദ്ദേഹം സന്തോഷം പങ്കിട്ടത്. സർവീസ് കാലയളവിൽ ഒട്ടേറെ യാത്രാനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും മനസ്സിനെ സ്പർശിച്ച ഒരു അനുഭവം ഇതാദ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യമായി വന്ദേ ഭാരത് യാത്രയ്ക്കെത്തിയ കുട്ടികളെ സന്തോഷ് ചുവന്ന റോസാപ്പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. 35 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് സമ്മാനമായി കുട്ടികൾ എല്ലാവരും ചേർന്ന് പാട്ടുപാടിയും കരഘോഷം മുഴക്കിയും സ്നേഹം പ്രകടിപ്പിച്ചു. വിരമിക്കൽ ജീവിതത്തിന് എല്ലാ ആശംസകളും മുതുകാട് കൂടി നേർന്നതോടെ അദ്ദേഹം വികാരഭരിതനായി. തുടർന്ന് കൊല്ലം സ്റ്റേഷനെത്തിയതോടെ സർവീസ് അവസാനിപ്പിച്ച് എല്ലാവർക്കും നന്ദി പറഞ്ഞു സന്തോഷ് പടിയിറങ്ങി. ആഘോഷ പരിപാടിയിൽ ടി.ടി.ഐ പി.കെ ഹരികുമാറും പങ്കുചേർന്നു.
മുതുകാടും കുട്ടികളും വന്ദേഭാരതിൽ യാത്ര ചെയ്യുന്നുണ്ടെന്നറിഞ്ഞ സന്തോഷ് തന്റെ സേവനത്തിന്റെ അവസാന ദിവസം ഇവർക്കൊപ്പം ആഘോഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു





0 Comments