കാസർകോട്: പോളണ്ടിലെ ഇന്ത്യൻ അംബാസഡറായി കാസർകോട് സ്വദേശി മുഹമ്മദ് ഹബീബുള്ളയുടെ മകൾ നഗ്മ മുഹമ്മദ് മാലിക് ചുമതലയേറ്റു. സെപ്റ്റംബർ ഒന്നിനാണ് ചുമതലയേറ്റത്. കാസർകോട് ഫോർട്ട് റോഡിൽ താമസക്കാരനായിരുന്ന മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളാണ് നഗ്മ. കേന്ദ്രസർക്കാരിന്റെ ഓവർസീസ് കമ്യൂണിക്കേഷൻസ് വകുപ്പിൽ ജോലി ലഭിച്ചതോടെ കാസർകോട്ടു നിന്ന് ഡൽഹിയിലേക്ക് ചേക്കേറുകയായിരുന്നു ഹബീബുള്ളയും കുടുംബവും. നഗ്മ ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. സെന്റ് സ്റ്റീഫൻസ് കോളേജിലും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലുമായിരുന്നു പഠനം. നഗ്മ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 1991-ൽ വിദേശകാര്യ വകുപ്പിൽ കരിയർ നയതന്ത്രജ്ഞയായിട്ടായിരുന്നു തുടക്കം. പാരീസിൽ യുനെസ്കോയുടെ ഇന്ത്യൻ മിഷനിലേക്കായിരുന്നു ആദ്യ നിയമനം. പിന്നീട് വിദേശകാര്യ മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളിലും പ്രവർത്തിച്ചു. മുൻ പ്രധാനമന്ത്രിയായിരുന്ന ഐ.കെ.ഗുജ്റാളിന്റെ സ്റ്റാഫ് ഓഫീസറായിരുന്നു. അഭിഭാഷകനായ മാലിക്കാണ് ഭർത്താവ്.
പോളണ്ടിലെ ഇന്ത്യൻ അംബാസഡറായി കാസർകോട്ടുകാരി നഗ്മ മുഹമ്മദ് മാലിക്.





0 Comments