ആലപ്പുഴ: പുന്നമട, വേമ്പനാട് കായലുകളെ ആശ്രയിച്ചുള്ള കായൽ ടൂറിസം വളരെ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ഉണർന്നു. എന്നിരുന്നാലും കോവിഡിന്റെ ഉയർന്ന പോസിറ്റിവിറ്റി നിരക്കും, മൂന്നാം തരംഗ ഭീതിയും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുമോ എന്നും ആശങ്കയിലാണ്. പ്രളയങ്ങൾ തകർത്ത വഞ്ചിവീട് വിനോദ സഞ്ചാര മേഖല പതിയെ പച്ച പിടിച്ചു തുടങ്ങിയപ്പോഴാണ്, എല്ലാ മേഖലയിലുമെന്ന പോലെ കായൽ ടൂറിസത്തിനും കോവിഡ് വില്ലനായി മാറിയത്... രണ്ടും മൂന്നും വഞ്ചിവീടുകൾ സ്വന്തമായി ഉണ്ടായിരുന്ന പലരും വൻ കടക്കെണിയിലായി. തിരികെ കരകയറാൻ കഴിയാത്ത വിധത്തിൽ നഷ്ടങ്ങൾ സംഭവിച്ചവരും നിരവധി... കുട്ടനാടിന്റെ വശ്യ സൗന്ദര്യം ആവോളം ആസ്വദിച്ച്, കായൽ കാറ്റുമേറ്റ് സ്വാദിഷ്ടമായ ഇഷ്ട ഭക്ഷണവും കഴിച്ചു കുടുംബത്തോടൊപ്പമോ, സൗഹൃദങ്ങൾക്കൊപ്പമോ ഉള്ള വഞ്ചിവീട് യാത്ര ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല. വിനോദ സഞ്ചാരികളെ സ്വന്തം വീട്ടിൽ വരുന്ന അതിഥികളെപ്പോലെ കണ്ട് സൽക്കരിക്കാൻ മത്സരിക്കുന്ന വഞ്ചിവീട്ടിലെ ജീവനക്കാരെയും, അവരുടെ പെരുമാറ്റവും മറക്കാൻ കഴിയാത്ത ഒരു അനുഭവവുമാണ്.... ഒരു കാലത്ത് രണ്ടായിരത്തിനടുത്ത് വഞ്ചിവീടുകളാണ് ആലപ്പുഴയിൽ ഓടിയിരുന്നത്. നാലഞ്ച് വർഷങ്ങൾക്കു മുൻപ് വരെ ഓണ സീസണിൽ മുൻകൂട്ടി ബുക്ക് ചെയ്താൽ പോലും സഞ്ചാരികൾക്ക് വഞ്ചി വീട് കിട്ടാൻ പ്രയാസമായിരുന്നു. എന്നാൽ അത്രക്കും തിരക്കുണ്ടായിരുന്ന സ്ഥാനത്ത്,... ഈ ഓണക്കാലത്ത്... അൻപത് ശതമാനം ബോട്ടുകൾ മാത്രമാണ് രംഗത്തുള്ളതെന്ന് 'കറുത്തമ്മ' എന്ന വഞ്ചിവീടിന്റെ ഉടമ ഫിറോസ് പറയുന്നു. അതും വളരെ താഴ്ന്ന നിരക്കിൽ ഓടുകയാണെങ്കിൽ മാത്രമേ സഞ്ചാരികളെ കിട്ടുകയുമുള്ളു. മുൻകാലങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമൊക്കെ വന്നിരുന്ന സഞ്ചാരികൾ ഇപ്പോൾ വരാത്തതിനാൽ, ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സർവീസ് നടത്തുന്നത്. അതും സർക്കാർ നിഷ്കർഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ടു തന്നെയാണ് യാത്ര നടത്തുന്നതെന്നും ഫിറോസ് പറയുന്നു. വാക്സിനേഷൻ കഴിഞ്ഞ സർട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. യാത്രക്കാരുടെയെല്ലാം വിവരങ്ങൾ പുന്നമടയിലുള്ള സർക്കാർ ടൂറിസം ഓഫീസിൽ നൽകി, അവിടെ നിന്നും അനുവാദം കിട്ടിയാൽ മാത്രമേ സർവീസ് നടത്താൻ കഴിയുുകയുള്ളു. ഇപ്പോൾ സർവീസ് നടത്തുന്ന ആയിരത്തോളം വഞ്ചി വീടുകളിലെയും യാത്രക്കാരുടെ വിവരങ്ങൾ നൽകാനായി ചെല്ലുന്ന ഈ ഓഫീസിൽ പക്ഷെ പലപ്പോഴും അനുമതി പത്രം ലഭിക്കാൻ വളരെ കാലതാമസം നേരിടുന്നുണ്ട്. ഇത്രയും പേരുടെ വിവരങ്ങൾ രേഖപ്പെടുത്താനും മറ്റുമായി ആകെ രണ്ടു വനിതാ ജീവനക്കാർ മാത്രമാണ് നിലവിൽ ഇവിടെയുള്ളത്. മാത്രമല്ല സർക്കാർ പറഞ്ഞിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു ബോട്ട് ഓടിക്കുന്നതിനും, വർഷാവർഷം ലൈസൻസ് പുതുക്കുന്നതിനുമുള്ള ചെലവും വേറെ.... കൂടാതെ മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാളുമുള്ള സഞ്ചാരികളുടെ കുറവും മേഖലയെ ബാധിച്ചിട്ടുണ്ട്. വഞ്ചിവീട് വിനോദ സഞ്ചാര മേഖലയിൽ ജീവന മാർഗ്ഗം കണ്ടെത്തി, നിരവധി പ്രതിസന്ധികളിലൂടെ ജീവിക്കുന്ന വലിയൊരു വിഭാഗത്തിൻ്റെ ജീവിതവും ചോദ്യചിഹ്നമാകുകയാണ്..... (ലേഖകൻ: നിസാം കഴക്കൂട്ടം)....
പ്രളയവും പിന്നെ കോവിഡും തകർത്ത വഞ്ചിവീട് വിനോദസഞ്ചാരമേഖല ഇപ്പോൾ ഇങ്ങനെ...





0 Comments