<p>തിരുവനന്തപുരം: സ്വാതന്ത്ര്യ ചരിത്രത്തിൽ ബ്രിട്ടീഷുകാരുടെ അതേ വാചകങ്ങളും വാദങ്ങളുമാണ് ഇന്ന് സംഘ്പരിവാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലബാർ സമരത്തെ വർഗീയവത്കരിക്കുന്നത് സംഘ്പരിവാർ അജണ്ടയാണ്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരെ ധീരൻമാരാക്കാനും, സ്വാതന്ത്ര്യസമര ഏടുകളെ മായ്ച്ചുകളയാനുമാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ ചരിത്രനിർമിതിയാണ് സംഘ്പരിവാർ നടത്തുന്നത്. ജീവത്യാഗം വരെ അനുഭവിച്ചവർ സ്വാതന്ത്ര്യ സമരസേനാനികൾ അല്ലെന്നാണ് ഇക്കൂട്ടർ പറയുന്നത്. 'മലബാർ കലാപം, നൂറ് വർഷം, നൂറ് സെമിനാർ' എന്ന ഡി.വൈ.എഫ്.ഐ സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലബാർ കലാപത്തെ ബ്രിട്ടീഷുകാർ വർഗീയമായി മുദ്രകുത്തുകയായിരുന്നു. ജനങ്ങളെ പിന്തിരിപ്പിക്കാൻ ബ്രിട്ടൻ സ്വീകരിച്ച കുതന്ത്രമായിരുന്നു മലബാർ കലാപ ചരിത്രത്തെ വക്രീകരിച്ചുകൊണ്ട് നടത്തിയത്. ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടിനെ അന്നു പിന്തുണച്ചവരുണ്ട്. അവർ ഇപ്പോഴും അതിനെ പിൻപറ്റുന്നു. മലബാർ കലാപത്തിൻ്റെ ലക്ഷ്യം മുസ്ലിം രാഷ്ട്രം സ്ഥാപിക്കലായിരുന്നു എന്നാണ് ചില വർഗീയ സംഘടനകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ബ്രിട്ടീഷുകാർക്കും ജന്മിമാർക്കും എതിരായ സമരമായിരുന്നു മലബാർ കലാപം. വിവരിക്കാനാകാത്ത നിഷ്ഠൂരതയാണ് ബ്രീട്ടീഷുകാരുടെ ഭാഗത്തു നിന്നും ജന്മിമാരിൽ നിന്നും അന്നുണ്ടായത്. മലബാർ കലാപത്തെ വർഗീയവത്കരിക്കാനുള്ള സംഘ പരിവാർ ശ്രമം ആദ്യമല്ല. ഇപ്പോൾ ചരിത്ര കൗൺസിലും അത് അംഗീകരിക്കുന്നു. ബ്രിട്ടീഷുകാരുടെ അതേ വാചകങ്ങളും വാദങ്ങളുമാണ് ഇന്ന് സംഘ് പരിവാറിനുള്ളത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ബ്രിട്ടീഷുകാരുടെ പാദ സേവകർ ഇന്നും ചെയ്യുന്നത്. ഹൈന്ദവ രാഷ്ട്രം രൂപീകരിക്കാനുള്ള നീക്കത്തിൽ സംഘ് പരിവാരിനു ആശയപരമായ തടസ്സം നില്ക്കുന്നത് നമ്മുടെ ചരിത്രമാണ്. അതില്ലാതാക്കാനുള്ള വിശാല പദ്ധതിയുടെ ഭാഗമാണ് മലബാർ കലാപത്തിനെതിരെയുള്ള നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലബാർ സമരത്തെ കുറിച്ചുള്ള സത്യസന്ധമായ ചരിത്രത്തെ തമസ്കരിക്കാൻ ചിലർ ശ്രമിക്കുകയാണ്. എന്നിട്ട് പുതിയ ചരിത്രം ചമയ്ക്കാനാണ് ശ്രമം. സംഘപരിവാർ അജൻഡകളെ പിന്തുണയ്ക്കുകയാണ് അത്തരക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലബാർ കലാപത്തിൽ മുസ്ലിങ്ങൾ മാത്രമായിരുന്നു എന്നാണ് ചിലർ ആരോപിക്കുന്നത്. കുന്നപ്പള്ളി അച്ചുതൻ നായർ, മേലേടത്ത് ശങ്കരൻ നായർ തുടങ്ങിയവരും വാഗൺ ട്രാജഡിയിൽ ഉൾപ്പെട്ടവരാണ്. ബ്രിട്ടീഷ് വിരുദ്ധ സമരമായിരുന്നു പോരാട്ടത്തിന്റെ കാതൽ. കർഷക സമരത്തിലൂടെ രൂപപ്പെട്ട ഹിന്ദു - മുസ്ലിം ഐക്യവും മലബാർ കലാപത്തിന് ശക്തി പകർന്നു. മലബാർ കലാപത്തിൻ്റെ സംയുക്ത സമര സമിതിയിൽ ഒരു തരത്തിലുള്ള മതഭേദവും ഉണ്ടായിരുന്നില്ല. ആലി മുസ്ലിയാരുടെ ധീരത, ബ്രിട്ടീഷ് സാമ്രാജ്യത്യ വിരുദ്ധത എന്നിവയെല്ലാം മത ഭേദമില്ലാത്തതായിരുന്നു. ബ്രിട്ടീഷുകാരെ ജന്മികൾ സഹായിച്ചപ്പോൾ, കലാപത്തിൻ്റെ സ്വഭാവം ബ്രിട്ടീഷ് വിരുദ്ധവും ജന്മി വിരുദ്ധവുമായി മാറുകയായിരുന്നു. പുറമേ ഒറ്റുകാർക്കെതിരേയുമുള്ള പ്രക്ഷോഭമായി മലബാർ സമരം മാറി. പ്രക്ഷോഭത്തിനിടെ നടന്ന കൊള്ളിവെപ്പിന്റെയും അനിഷ്ട സംഭവങ്ങളുടെയും പേരിൽ സമരത്തെ മൊത്തത്തിൽ തള്ളിപ്പറയരുത്. കൊള്ള ചെയ്യുന്ന ഏതു മാപ്പിളയേയും എൻ്റെ കൈയിൽ കിട്ടിയാൽ അവൻ്റെ വലതു കൈ ഞാൻ വെട്ടി മുറിക്കുമെന്നാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞത്. ഇത് അക്രമത്തെ എതിർത്ത മാധവൻ നായരുടെ പുസ്തകത്തിലും പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
മലബാർ സമരത്തെ വർഗീയവത്കരിക്കുന്നത് സംഘ്പരിവാർ അജണ്ട. മുഖ്യമന്ത്രി പിണറായി വിജയൻ.





0 Comments