/uploads/news/news_പാതിവിലത്തട്ടിപ്പ്:_ആം_ആദ്മി_പാർട്ടി_നിയ..._1759932053_3237.jpg
STRIKE

പാതിവില തട്ടിപ്പിനെതിരെ പ്രതിഷേധം; ആം ആദ്മി പാർട്ടി നിയമസഭാ മാർച്ചിന് നേരെ ജലപീരങ്കി


തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും  വലിയ തട്ടിപ്പുകളിലൊന്നായ പാതിവില തട്ടിപ്പ് കേസിൻ്റെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ   നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സെക്രട്ടറിയേറ്റിന് മുൻപിൽ നിന്നാരംഭിച്ച മാർച്ചിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ നൂറുകണക്കിന് ആം ആദ്മി പാർട്ടി പ്രവർത്തകരും, ആക്ഷൻ കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകരെ നിയമസഭയ്ക്കു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് വിനോദ് മാത്യു വിൽസണും, ആക്ഷൻ കൗൺസിൽ രക്ഷാധികാരി അഡ്വക്കേറ്റ് ബേസിൽ ജോണും സംസാരിച്ചതിനു ശേഷം മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന പ്രവർത്തകർക്ക് നേരെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

നമ്മുടെ നാട്ടിലെ ഒന്നര ലക്ഷത്തിലധികം വനിതകളുടെ പണം  നഷ്ടപ്പെട്ട ഈ തട്ടിപ്പു വിഷയത്തിൽ അന്വേഷണം നടത്തിയിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട സർക്കാർ നടപടി കേരളത്തിലെ സ്ത്രീ സമൂഹത്തോടും, പൊതുസമൂഹത്തോടുമുള്ള തികഞ്ഞ അവഗണനയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് വിനോദ് മാത്യു വിൽസൺ പറഞ്ഞു. പാതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ അനന്തു കൃഷ്ണന്റെയും, ആനന്ദകുമാറിന്റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്ന പണം എങ്ങോട്ട് പോയി എന്ന് അന്വേഷിക്കുന്നതിനോ കണ്ടുപിടിക്കുന്നതിനോ അന്വേഷണസംഘം ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെയും, ഉന്നത ഉദ്യോഗസ്ഥരെയും മുന്നിൽ നിർത്തി അനന്തു കൃഷ്ണനും, ആനന്ദ കുമാറും പാവപ്പെട്ട സ്ത്രീകളിൽ നിന്നും തട്ടിയെടുത്ത പണം കൈക്കൂലി ആയോ, സംഭാവനയായോ കൈപ്പറ്റിയിട്ടുള്ള മുഴുവൻ ആളുകളിൽ നിന്നും തിരിച്ചു പിടിച്ച് പണം നഷ്ടപ്പെട്ടവർക്ക് തിരിച്ചു നൽകണമെന്നാണ് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നതെന്നും വിനോദ് മാത്യു വിൽസൺ പറഞ്ഞു.

എ.എ.പി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഡോ.സെലിൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി അരുൺ.എ, വിവിധ ജില്ലാ പ്രസിഡന്റുമാരായ അഭിലാഷ് ദാസ്, ജോയി തോമസ് ആനിത്തോട്ടം, ഇർഷാദ്, ഷാജു.കെ.വൈ, വിനു.കെ, ആക്ഷൻ കൗൺസിൽ ചെയർപേഴ്സൺ ലിസി ബാബു, സജിത തുടങ്ങിയവർ പ്രസംഗിച്ചു.

സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ നൂറുകണക്കിന് ആം ആദ്മി പാർട്ടി പ്രവർത്തകരെ നിയമസഭയ്ക്കു മുന്നിൽ പോലീസ് തടഞ്ഞു

0 Comments

Leave a comment