തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൻ എബ്രഹാമിനെയാണ് ഇന്ന് രാവിലെ സ്കൂൾ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാനില്ല എന്ന് കാട്ടി ബന്ധുക്കൾ ഇന്നലെ പരാതി നൽകുകയും ചെയ്തിരുന്നു.
ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെ രാവിലെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ക്ലാസിൽ അസൈൻമെന്റ് സീൽ ചെയ്യുന്നതിന് വേണ്ടി ഓഫീസിൽ പോയി സീൽ എടുത്തു കൊണ്ടുവരാൻ ടീച്ചർ ബെൻസനോട് പറഞ്ഞിരുന്നു. എന്നാൽ, വിദ്യാർത്ഥി ഓഫീസിലെത്തി ക്ലർക്കിനോട് സീൽ ആവശ്യപ്പെട്ടപ്പോൾ നൽകാൻ പറ്റില്ല എന്ന് ക്ലർക്ക് പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായെന്നാണ് വിവരം. വാക്ക് തർക്കം രൂക്ഷമായതോടെ അധ്യാപകർ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് ഇന്ന് രക്ഷകർത്താവിനെ വിളിച്ചു കൊണ്ടുവന്നതിനുശേഷം ക്ലാസ്സിൽ കയറിയാൽ മതിയെന്ന് വിദ്യാർത്ഥിയോട് പറയുകയും ചെയ്തു.
പിന്നാലെ സ്കൂൾ അധികൃതര് വിഷയം ബെൻസന്റെ വീട്ടിലും അറിയിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് ശേഷം സ്കൂൾ വിട്ടു വീട്ടിലെത്തിയ ബെൻസനെ വീട്ടുകാരും വഴക്കുപറഞ്ഞു. ഇതോടെ വിഷമത്തിലായ വിദ്യാർത്ഥി സഹപാഠികളോട് വിവരം പങ്കുവെച്ചു. ശേഷം രാത്രി 12 മണിയോടുകൂടി ബെൻസൻ പുറത്തേക്ക് പോവുകയായിരുന്നു.
വെളുപ്പിന് മൂന്നുമണി ആയിട്ടും ബെൻസനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ ആര്യനാട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ രാവിലെ 5 മണിയോടുകൂടി ബെൻസനെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആര്യനാട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
കുറ്റിച്ചൽ പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൻ എബ്രഹാമിനെയാണ് ഇന്ന് രാവിലെ സ്കൂൾ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.





0 Comments