കൊരട്ടി: കൊരട്ടി ഇൻഫോ പാർക്കിൽ നിന്നുള്ള ആഗോള ഐ.ടി സൊല്യൂഷൻ പ്രൊവൈഡറായ വെബ് ആൻഡ് ക്രാഫ്റ്റ്‌സ് (വാക്) ആണ്, അവരുടെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ജീവനക്കാരന് മെഴ്‌സിഡസ് ബെൻസ് സമ്മാനമായി നൽകിയത്. കൊരട്ടി ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയും കമ്പനിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ക്ലിന്റ് ആന്റണി ബെൻസ് കാർ ഏറ്റുവാങ്ങി.
2012 -ൽ "വെബ് ആൻഡ് ക്രാഫ്റ്റ്‌സ് " ആരംഭിച്ചത് മുതൽ കമ്പനിയുടെ വളർച്ചയിലും വിജയത്തിലും നിർണായക പങ്കുവഹിച്ചിരുന്ന ക്ലിൻറ് കമ്പനിയുടെ ആദ്യജീവനക്കാരൻ കൂടിയായിരുന്നു. നീണ്ട 10 വർഷത്തിലധികമായി വിശ്വസ്തതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജീവനക്കാരനെയാണ് സമ്മാനം നൽകുവാനായി കമ്പനി തിരഞ്ഞെടുത്തത്. ജീവനക്കാരുടെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും അംഗീകരിക്കുന്നത്തിന്റെ പ്രതിഫലനമായി ചടങ്ങ് മാറി.
"കഠിനാധ്വാനികളും , അർപ്പണബോധമുള്ളവരുമായ ഒരു മികച്ച ടീമാണ് ഞങ്ങളുടെ കമ്പനിയുടെ നട്ടെല്ല്. ക്ലിന്റ് പ്രാരംഭ കാലം മുതലേ ഞങ്ങളോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ഇത്രയും ദീർഘകാലം നീണ്ടുനിന്ന സേവനത്തിനും, വിശ്വസ്തതയ്ക്കും മെഴ്‌സിഡസ് ബെൻസ് സി ക്ലാസ് സമ്മാനമായി നൽകുന്നത് ഇതിന്റെ ഭാഗമായാണെന്ന് വെബ് ആൻഡ് ക്രാഫ്റ്റ്‌സ് സി.ഇ.ഒയും സ്ഥാപകനുമായ എബിൻ ജോസ് പറഞ്ഞു.
2012ൽ നാല് പേരുമായി ആരംഭിച്ച വെബ് ആൻഡ് ക്രാഫ്റ്റിന് നിലവിൽ 320ൽ അധികം ജീവനക്കാരുണ്ട്. ഏഷ്യ, മിഡിൽ ഈസ്റ്റ്, നോർത്ത് ആൻഡ് സൗത്ത് അമേരിക്ക എന്നിവിടങ്ങളിലായി ലോകമെമ്പാടുമുള്ള 650ൽ അധികം ക്ലയന്റുകൾക്കായി കസ്റ്റം മെയ്ഡ് മൊബിലിറ്റി സൊല്യൂഷനുകൾ, ഇ-കൊമേഴ്‌സ് ഡെവലപ്‌മെന്റ, വെബ്, മൊബൈൽ ആപ്ലിക്കേഷനുകൾ, ഡൈനാമിക് ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജികൾ എന്നിങ്ങനെയുള്ള വിവിധ സേവനങ്ങൾ കമ്പനി നൽകുന്നു. ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ധനകാര്യം, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിൽ വെബ് ആൻഡ് ക്രാഫ്റ്റ്‌സ് സേവനങ്ങൾ നൽകുന്നുണ്ട്. കൂടാതെ "ഐകിയ" പോലുള്ള ആഗോള ഫോർച്യൂൺ 500 കമ്പനികളുമായും കേരളത്തിൽ നിന്നുള്ള ആഗോള വ്യവസായ സ്ഥാപനങ്ങളായ ലുലു, ജോയ് ആലുക്കാസ്, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, സിന്തൈറ്റ്, കെ.എസ്.എഫ്.ഇ തുടങ്ങിയവയ്ക്കും വെബ് ആൻഡ് ക്രാഫ്റ്റ്‌സ് സേവനങ്ങൾ നൽകി വരുന്നു.
തങ്ങളുടെ ജീവനക്കാരുടെ കഠിനാധ്വാനവും സംഭാവനകളും അംഗീകരിക്കുന്നതിനും പ്രതിഫലം നൽകുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഞങ്ങളുടെ നന്ദി പ്രകടിപ്പിക്കുന്നതിനുള്ള മാർഗമായി അവരിലൊരാൾക്ക് ഈ പ്രത്യേക സമ്മാനം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും "വാക് " വൈസ് പ്രസിഡന്റ് ജിലു ജോസഫ് പറഞ്ഞു. കമ്പനിയുടെ മൂല്യങ്ങളുടെയും ജീവനക്കാർക്കുള്ള അർപ്പണ ബോധത്തിന്റെയും തെളിവു കൂടിയാണ് ഈ സമ്മാനമെന്നും ജിലു കൂട്ടിച്ചേർത്തു.
19 വയസ്സുള്ളപ്പോൾ സ്വന്തം സ്ഥാപനം തുടങ്ങിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒയാണ് ജന്മനാ ഡിസ്‌ലക്സിക്ക് ആയ എബിൻ. എഞ്ചിനീയറിംഗ് പഠന കാലത്ത് 40-ലധികം വെബ്‌സൈറ്റുകളുടെ ജോലികൾ പൂർത്തീകരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഐ.ഐ.എമ്മുകൾ പ്രസിദ്ധീകരിച്ച സ്‌മോൾ ബിഗ് ബാംഗ് എന്ന പുസ്തകത്തിലെ ഏറ്റവും പ്രതിഭാസമ്പന്നരായ സംരംഭകരുടെ പട്ടികയിൽ അദ്ദേഹം ഇടം നേടി. കൂടാതെ ഇതോടൊപ്പം ലോസ് ഏഞ്ചൽസിൽ നടന്ന ഐ.സി. എ.എന്നിൻറ 51മത് പൊതുയോഗത്തിൽ യു.എസ് വാണിജ്യ സെക്രട്ടറി പെന്നി പ്രിറ്റ്‌സ്‌കറുടെ ആഗോള അംഗീകാരവും എബിൻ കരസ്ഥമാക്കിയിട്ടുണ്ട്.
ഇൻഫോ പാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, ഇൻഫോപാർക്ക് കേരള സ്ഥാപക സി.ഇ.ഒ - കെ.ജി.ഗിരീഷ് ബാബു, വെബ് ആൻഡ് ക്രാഫ്റ്റ്‌സിന്റെ മെന്റർ ജോസഫ് മറ്റപ്പള്ളി, ബിസിനസ് കോച്ച് കോർപ്പറേറ്റ് ട്രെയിനർ ഷമീം റഫീഖ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
നീണ്ട 10 വർഷത്തിലധികമായി വിശ്വസ്തതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജീവനക്കാരനെയാണ് സമ്മാനം നൽകുവാനായി കമ്പനി തിരഞ്ഞെടുത്തത്.
0 Comments