/uploads/news/news_ടെക്നോപാര്‍ക്കിന്‍റെ_എന്‍ജിനീയറിങ്_ലബോറട..._1789840130_3042.jpg
Technopark

ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം


കഴക്കൂട്ടം; തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസിന്‍റെ (എന്‍എബിഎല്‍) അംഗീകാരം ലഭിച്ചു. ഇതോടെ ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ ഐടി പാര്‍ക്കായി ടെക്നോപാര്‍ക്ക് മാറി. ലബോറട്ടറികളുടെ പരിശോധന, കാലിബ്രേഷന്‍ എന്നിവയുടെ കാര്യക്ഷമതയ്ക്കുള്ള പൊതുവായ മാനദണ്ഡങ്ങള്‍ പാലിച്ചതിനാണ് ഐഎസ്ഒ/ഐഇസി 17025:2017 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കുന്നത്.

ഗുണനിലവാരമുള്ളതും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിനായി എന്‍എബിഎല്‍ അംഗീകൃത എന്‍ജിനീയറിങ് ലബോറട്ടറിയുള്ള രാജ്യത്തെ ഏക ഐടി പാര്‍ക്കായി ടെക്നോപാര്‍ക്ക് മാറിയെന്ന് സിഇഒ സന്ദീപ് കുമാര്‍ ഐഎഎസ് പറഞ്ഞു. ഇതിനായി പ്രയത്നിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, എല്‍ടി, എച്ച്ടി സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഈ സൗകര്യം സഹായിക്കുമെന്നും, പാര്‍ക്കിലെ സഹ-ഡെവലപ്പര്‍മാര്‍ക്ക് ആവശ്യമായ സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഈ ലബോറട്ടറിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോപാര്‍ക്കിനും എന്‍ജിനീയറിങ് വിഭാഗത്തിനും ഇതൊരു വലിയ നേട്ടമാണെന്നും, കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയുമാണ് ഈ വെല്ലുവിളി നിറഞ്ഞ ലക്ഷ്യം കൈവരിച്ചതെന്നും ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ മാധവന്‍ പ്രവീണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ടെക്നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസില്‍ സിവില്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ലബോറട്ടറികള്‍ ആരംഭിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മികച്ച തീരുമാനങ്ങളെടുക്കാനും, സാമഗ്രികളുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാനും, ഉയര്‍ന്ന നിലവാരത്തിലുള്ള നിര്‍മ്മാണം ഉറപ്പാക്കാനും ഈ അംഗീകാരം കരുത്തുപകരും.

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി കൃത്യസമയത്ത് പരിശോധനാഫലങ്ങള്‍ ലഭ്യമാക്കത്തക്ക വിധത്തിലാണ് ഈ ലാബുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ടെക്നോപാര്‍ക്കിലെയും പരിസരങ്ങളിലെയും ഡെവലപ്പര്‍മാര്‍ക്കും കമ്പനികള്‍ക്കും തങ്ങളുടെ നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

കോണ്‍ക്രീറ്റ് അടക്കമുള്ള നിര്‍മ്മാണ സാമഗ്രികള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങള്‍ക്ക് പുറമേ, ഇലക്ട്രിക്കല്‍ ലാബില്‍ എല്‍ഇഡി ഫിക്ചറുകള്‍, ഡ്രൈവറുകള്‍ എന്നിവ നന്നാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത് ഇ-മാലിന്യം കുറയ്ക്കാനും സാമ്പത്തിക ലാഭത്തിനും വഴിയൊരുക്കും.

അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് (സിവില്‍) രാഹുല്‍ തമ്പിയുടെ നേതൃത്വത്തിലാണ് സിവില്‍ എന്‍ജിനീയറിങ് ലാബിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കൂടാതെ പഴയകാല സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന അപൂര്‍വ്വ യന്ത്രസാമഗ്രികളുടെ ഒരു പ്രദര്‍ശനവും ഈ ലബോറട്ടറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ടെക്നോപാര്‍ക്കിലെയും പരിസരങ്ങളിലെയും ഡെവലപ്പര്‍മാര്‍ക്കും കമ്പനികള്‍ക്കും തങ്ങളുടെ നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം

0 Comments

Leave a comment