/uploads/news/news_ടെക്നോപാര്‍ക്കില്‍_സിവില്‍_-_ഇലക്ട്രിക്ക..._1740149061_7188.jpg
Technopark

ടെക്നോപാര്‍ക്കില്‍ സിവില്‍ - ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു


കഴക്കൂട്ടം; തിരുവനന്തപുരം: നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഇലക്ട്രിക്കല്‍ ജോലികളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനാ സംവിധാനമായ സിവില്‍ - ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ലബോറട്ടറി ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടെക്നോപാര്‍ക്കിലെ ഫേസ് വണ്‍ കാമ്പസിലാണ് ലബോറട്ടറി പ്രവര്‍ത്തിക്കുക. ലബോറട്ടറിയുടെ ഉദ്ഘാടനം ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ നിര്‍വഹിച്ചു. 

ടെക്നോപാര്‍ക്കിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും കെട്ടിട നിര്‍മ്മാണ മേഖലയിലെ സഹ-ഡെവലപ്പര്‍മാര്‍ക്ക് ആവശ്യമായ സാങ്കേതിക നിര്‍ദേശം നല്‍കുന്നതിനും എഞ്ചിനീയറിംഗ് ലബോറട്ടറി സഹായകമാകുമെന്ന് കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു. ടെക്നോപാര്‍ക്ക് സന്ദര്‍ശിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ലബോറട്ടറി സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ടെക്നോപാര്‍ക്ക് സി.എഫ്ഒ ജയന്തി എല്‍, ജിഎം-പ്രൊജക്ട്സ് മാധവന്‍ പ്രവീണ്‍, ടെക്നോപാര്‍ക്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ്/നിര്‍മ്മാണ സാമഗ്രികളുടേയും ഇലക്ട്രിക്കല്‍ വസ്തുക്കളുടേയും ഗുണനിലവാര പരിശോധന ലബോറട്ടറിയിലൂടെ സാധ്യമാകും. ടെക്നോപാര്‍ക്കിലും സമീപ പ്രദേശങ്ങളിലുമുള്ള നിര്‍മ്മാണ കമ്പനികള്‍ക്ക് ഗുണനിലവാരം ഉറപ്പു വരുത്താന്‍ ലബോറട്ടറി സൗകര്യം ഉപയോഗപ്പെടുത്താം. എല്‍ഇഡി ഫിക്ചറുകളുടെയും ഡ്രൈവറുകളുടെയും മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യം ഇലക്ട്രിക്കല്‍ ലാബിലൂടെ ലഭ്യമാകും. ഇ-മാലിന്യത്തിന്‍റെ അളവും നിര്‍മ്മാണ ചെലവും ഇതിലൂടെ കുറയ്ക്കാനാകും.

സിവില്‍ എഞ്ചിനീയറിംഗ് ലബോറട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ തമ്പി ആര്‍.ഐ.എ.ജി.എം (സിവില്‍) യുടെ നേതൃത്വത്തിലുള്ള സംഘമാണ് ചുക്കാന്‍ പിടിക്കുന്നത്. അന്‍ഫല്‍.എ (മാനേജര്‍-ഇലക്ട്രിക്കല്‍) യുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ ടെസ്റ്റിംഗ് ലബോറട്ടറി പ്രവര്‍ത്തിക്കുക.

ടെക്നോപാര്‍ക്കിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഗുണനിലവാര പരിശോധന എളുപ്പമാകും

0 Comments

Leave a comment